മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഭരണസമിതിയിലേക്ക് ഇത്തവണയും തിരഞ്ഞെടുപ്പ് ഉറപ്പായി. നിലവിലെ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പാനലും മുന്‍ പ്രസിഡന്റ് കെ.ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള പാനലുമാണ് ഏറ്റുമുട്ടുക. ഇരു പാനലുകള്‍ക്കുമിടയില്‍ സമവായത്തിനു സാധ്യത കുറവായതിനാല്‍ മത്സരം സജീവമാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തനം ശക്തമായി.

സമാജം ഭരണ സമിതിയില്‍ 11 പേരാണുള്ളത്. നിലവിലെ ഭരണസമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി 12 ആയിരുന്നു. ഞായറാഴ്ച രാത്രി പത്തോടെ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ഇരുപാനലില്‍ നിന്നും മിക്ക സ്ഥാനങ്ങളിലേക്കും രണ്ടുവീതം പേരുകള്‍ നല്‍കിയിട്ടുണ്ട്. അന്തിമ പട്ടിക പ്രകാരം രാധാകൃഷ്ണപിള്ള പാനലില്‍ അദ്ദേഹം പ്രസിഡന്റും, എൻ.കെ.വീരമണി ജനറല്‍ സെക്രട്ടറിയുമാണ്. മറ്റു സ്ഥാനാര്‍ഥികള്‍: വൈസ് പ്രസിഡന്റ്: ആഷ്‌ലി ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി: മനോഹരന്‍ പാവറട്ടി, ട്രഷറര്‍: ദേവദാസ് കുന്നത്ത്, കലാവിഭാഗം: ശിവകുമാര്‍ കൊല്ലറോത്ത്, സാഹിത്യ വിഭാഗം: കെ.സി.ഫിലിപ്പ്, ലൈബ്രേറിയന്‍: വിനയചന്ദ്രന്‍, ഇന്‍ഡോര്‍ ഗെയിംസ് നൗഷാദ്, മെംബര്‍ഷിപ്പ്: ജഗദീഷ് ശിവന്‍, ഇന്റേണല്‍ ഓഡിറ്റര്‍: കൃഷ്ണകുമാര്‍. ഇപ്പോഴത്തെ ഭരണസമിതി ജനറല്‍ സെക്രറ്റിയാണ് എൻ.കെ.വീരമണി.

ജനാര്‍ദനന്‍ പാനല്‍: പ്രസിഡന്റ്: കെ.ജനാര്‍ദനന്‍, സെക്രട്ടറി: കെ.ശ്രീകുമാര്‍, അസിസ്‌സ്റ്റന്റ് സെക്രട്ടറി: മുരളീധരന്‍ തമ്പാന്‍, ട്രഷറര്‍: ബാബു ജി. നായര്‍, കലാവിഭാഗം എംകെ സഫറുള്ള, സാഹിത്യവിഭാഗം: ഉണ്ണികൃഷ്ണന്‍ കുന്നത്ത്, ലൈബ്രേറിയന്‍: വി.കെ.ശ്രീകുമാര്‍, മെംബര്‍ഷിപ്പ്: പ്രിന്‍സ് ജോര്‍ജ്കുട്ടി, ഇന്റേണല്‍ ഓഡിറ്റര്‍: മുഹമ്മദ് അഷ്‌റഫ്.

രാധാകൃഷ്ണപിള്ള പാനലിലുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആഷ്‌ലി ജോര്‍ജ്, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവര്‍ക്ക് എതിരില്ല. ഇപ്പോഴത്തെ ഭരണസമിതിയില്‍ ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറിയാണ് നൗഷാദ്. മാര്‍ച്ച് അവസാനമാകും തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ സമാജത്തില്‍ 1500 ഓളം അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ 1100ഓളം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ