മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് നിലവിലുള്ള ചെയര്‍മാന്‍ പി.വി.രാധാകൃഷ്ണ പിള്ള നേതൃത്വം നല്‍കുന്ന യുണൈറ്റഡ് പാനല്‍. സമാജം എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് എഴുപതു വീല്‍ ചെയറുകള്‍ നല്‍കും. ഇതോടൊപ്പം കേരളത്തിലെ നിര്‍ധനരായവര്‍ക്ക് വീടു നിർമിച്ചു നല്‍കുന്ന പദ്ധതി ആരംഭിക്കും. ബഹ്‌റൈന്‍ കേരളീയ സമാജം മുകൈയില്‍ മൂന്നു വീടുകള്‍ എങ്കിലും ആദ്യ ഘട്ടത്തില്‍ നിര്‍മിക്കും. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം കൂടുതല്‍ വിപുലമാക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി തുടര്‍ച്ചയായ കൗണ്‍സിലിങ്ങുകള്‍ ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇത്തവണ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ കർമ പദ്ധതികളുമായാണ് യുണൈറ്റഡ് പാനല്‍ വോട്ടർമാരെ സമീപിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സമയ പരിമിതി മൂലം കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം നടത്തന്‍ കഴിയാതിരുന്ന എല്ലാ പരിപാടികളും മുന്‍ഗണന നല്‍കി തന്നെ അടുത്ത തവണ നടപ്പാക്കും. സ്‌പോര്‍ട്‌സ് മീറ്റ്, വോളി ബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയവ പ്രവര്‍ത്തന വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ നടപ്പാക്കും. ബാല കലോത്സവം മാന്വല്‍ കാലോചിതമായി പരിഷ്‌കരിക്കും. അന്താരാഷ്ട്ര പുസ്തക ഉത്സവം സാഹിത്യ ക്യാമ്പ് എന്നിവയോടു കൂടിയാകും അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികള്‍ തുടങ്ങുക.

സമാജം അംഗങ്ങള്‍ക്കിടയില്‍ മട്ടുപ്പാവ് പച്ചക്കറി, അടുക്കളത്തോട്ടം, പൂന്തോട്ട നിര്‍മാണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരെ ബഹ്‌റൈന്‍ പ്രവാസി കര്‍ഷക മിത്രം അവാര്‍ഡ് നല്‍കി ആദരിക്കും. വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തയ ഒരു വനിതക്ക് ബികെഎസ് എഴുപതാം വാര്‍ഷിക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും. എഴുപതാം വാര്‍ഷികം പ്രമാണിച്ചു പ്രമുഖരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ ഓഫ് ഡ്രാമ, ചില്‍ഡ്രന്‍സ് തിയേറ്റര്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പരിശീലനകളരികളും നാടക അവതരണങ്ങളും സംഘടിപ്പിക്കും. ഇതോടൊപ്പം നിലവില്‍ നടന്നു വരുന്ന എല്ലാ പരിപാടികളും കാലോചിതമായി പരിഷ്‌കരിച്ച് കൂടുതല്‍ വിപുലമായി നടപ്പാക്കുമെന്നും യുണൈറ്റഡ് പാനല്‍ നേതാക്കള്‍ പറഞ്ഞു.

യുണൈറ്റഡ് പാനലിലെ രണ്ടു പേര്‍ ഇതിനോടകം തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. ബാക്കി ഉള്ളവരും ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസം ഉണ്ടെന്ന് അവര്‍ പറഞ്ഞു. പി.വി.രാധാകൃഷ്ണ പിള്ള, നിലവിലുള്ള ജനറല്‍ സെക്രട്ടറി എൻ.കെ.വീരമണി, വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ