മനാമ: ആടിയും പാടിയും കഥപറഞ്ഞും കലപിലാരവവുമായി കുട്ടികള്‍. കളിച്ചും ചിരിച്ചും ശലഭകാഴ്ചയൊരുക്കുകയാണ് ബഹ്‌റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘കളിക്കളം 2017’ അവധിക്കാല ക്യാമ്പ്. വിനോദവും വിജ്ഞാനവും പങ്കുവെക്കുന്ന ക്യാമ്പില്‍ അഞ്ച് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായക്കാരായ നൂറിലധികം കുട്ടികളാണ് പങ്കെടുക്കുന്നത്.

മലയാള ഭാഷയുടെയും മലയാള നാടിന്റെയും പൈതൃകങ്ങളും പാരമ്പര്യങ്ങളും അതോടൊപ്പം കടന്നുപോയ കാലഘട്ടങ്ങളെക്കുറിച്ചുള്ള അറിവും പങ്കുവെക്കുന്ന കളിക്കളത്തില്‍ ജന്മനാടിനെ നന്നായറിയുക എന്ന സന്ദേശമാണ് ലക്ഷ്യമിടുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണമുള്ള കേരളത്തെകുറിച്ചുള്ള വിജ്ഞാനപ്രദമായ പഠനത്തോടൊപ്പം വിനോദകരമായ നിരവധി പരിപാടികളും ക്യാമ്പിന്റെ സവിശേഷതയാണ്. കബനി, കല്ലായി, കല്ലട, മയ്യഴി എന്നീ നാല് നദികളുടെ നാമത്തില്‍ നാലു സംഘങ്ങളായി ക്യാമ്പിലെ അംഗങ്ങളെ തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയുടെയും അവസാന ദിനത്തില്‍ ഓരോ സംഘവും അവര്‍ പരിശീലിച്ചെടുക്കുന്ന കലാവിരുന്ന് വേദിയില്‍ അവതരിപ്പിക്കുന്നു.

ഏഴു വയസ്സില്‍ താഴെ പ്രായക്കാരായ എഴുപതോളം കുസൃതി കുരുന്നുകളുടെ ‘ചോട്ടാ’ സംഘവും കളിക്കളത്തിലെ കൗതുക കാഴ്ചകളാണ്. പടം വരച്ചും, പാട്ടുപാടിയും, നൃത്തംവെച്ചും അവധിക്കാലം തുള്ളിച്ചാടി രസിക്കുകയാണ് ഈ കൂട്ടര്‍. ചിത്രരചന, കരകൗശലം, നാടന്‍പാട്ട്, നൃത്തം, ഏകാഭിനയം, മൂകാഭിനയം, സ്‌കിറ്റ്, ലഘുനാടകം, കൊറിയോഗ്രഫി, സാഹിത്യ രചന, കയ്യെഴുത്തു മാഗസിന്‍, എന്നിവയില്‍ കുട്ടികളുടെ അഭിരുചിക്കനുസരണമായ കലാപഠനത്തോടൊപ്പം, ചിത്രരചന മത്സരം, കായിക മത്സരം, ബാസ്‌കറ്റ് ബോള്‍, ആര്‍ത്തുല്ലസിക്കാനാവുംവിധമുള്ള ‘ജിംഖാന’ മത്സരങ്ങളും കളിക്കളത്തെ ശ്രദ്ധേയമാക്കുന്നു.

ജൂലൈ ഒന്നിനാണ് ക്യാമ്പ് തുടങ്ങിയത്. ഓഗസ്റ്റ് 18 ന് കേരളത്തനിമയാര്‍ന്ന വിവിധങ്ങളായ കലാരൂപങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യവിരുന്നോടെ കളം പിരിയും. കഴിഞ്ഞ 33 വര്‍ഷങ്ങളായി കുട്ടികളുടെ വേദികളില്‍ പ്രശസ്തനായ ആലപ്പുഴ ചിക്കൂസ് കാളിയരങ്ങിന്റെ ഡയറക്ടറായ ചിക്കൂസ് ശിവനാണ് ക്യാമ്പ് ഡയറക്ടര്‍. അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ക്യാമ്പില്‍ സജീവ സാന്നിധ്യം. ചിക്കൂസ് ശിവന്‍ ഇത് നാലാം തവണയാണ് കേരളീയ സമാജം ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മനോഹരന്‍ പാവറട്ടി കോഡിനേറ്ററും, ജയ രവികുമാര്‍ കണ്‍വീനറുമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook