മനാമ: സാര്‍വ ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് ബഹ്‌റൈന്‍ കേരളീയ സമാജം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലാളികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകരെ സമാജം ആദരിക്കുമെന്നും ലേബര്‍ ക്യാമ്പിലെ തൊഴിലാളികളുടെ വിവിധ കലാകായിക മത്സരങ്ങള്‍ ഉണ്ടാകുമെന്നും സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.

ബഹ്‌റൈനിലെ സാധാരണക്കാരായ തൊഴിലാളികളുടെ വിപുലമായ പങ്കാളിത്തത്തിലായിരിക്കും ആഘോഷം. ഷാജന്‍ സെബാസ്‌റ്യന്‍ ജനറല്‍ കണ്‍വീനറും മനോജ് സുരേന്ദ്രന്‍, ആഷ്‌ലി കുര്യന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനറും, സമാജം അസിസ്റ്റന്റ് സെക്രട്ടറി മനോഹരന്‍ പാവറട്ടി കോര്‍ഡിനേറ്ററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മെയ് ഒന്നിന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ രാവിലെ 9 മുതല്‍ മെഡിക്കല്‍ ക്യാമ്പ് ഇതിന്റെ ഭാഗമായി നടക്കും. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പടെ 25 ഓളം ഡോക്ടർമാരും മറ്റു മെഡിക്കല്‍ സ്റ്റാഫുകളും പങ്കെടുക്കും. അംഗഭേദമന്യെ തന്നെ എല്ലാവർക്കും മെഡിക്കല്‍ ക്യാമ്പിലും മറ്റു അനുബന്ധ പരിപാടികളും പങ്കെടുക്കാം.

ബഹ്‌റൈനില്‍ വിവിധ തൊഴില്‍ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന മലയാളികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാം. മലയാള ചലച്ചിത്ര ഗാനം (കരോക്കെ), ഹിന്ദി, തമിഴ് ചലച്ചിത്ര ഗാനം (കരോക്കെ), സമൂഹ ഗാനം (ഹിന്ദി മലയാളം ആൻഡ് തമിഴ് കരോക്കെ), നാടന്‍ പാട്ട് (കരോക്കെ), സിനിമാറ്റിക് ഡാൻസ്, ചിത്ര രചന, മോണോ ആക്റ്റ് (ഹിന്ദി, മലയാളം ആൻഡ് തമിഴ്), വടംവലി എന്നിവയിലാണ് മത്സരങ്ങള്‍. തൊഴിലാളികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും. ബഹ്‌റൈനിലെ പ്രധാന കമ്പനികളില്‍ നിന്നും ഇതില്‍ പങ്കെടുക്കുന്നവര്‍ക്കായി സൗജന്യ വാഹന സൗകര്യവും ഉച്ച ഭക്ഷണവും എര്‍പ്പെടുത്തും.

കൂടാതെ വൈകിട്ട് സഹൃദയ പയ്യന്നൂര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും ഷീന ചന്ദ്രദാസിന്റെ നാടന്‍ പാട്ടുകളുടെ നൃത്താവിഷ്‌കാരവും സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കലോത്സവമത്സരത്തിനായുള്ള ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷ ഫോറം സമാജം ഓഫീസില്‍ ലഭ്യമാണ്. വ്യക്തിഗതമായോ തൊഴില്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ചോ മത്സരത്തില്‍ പങ്കെടുക്കാം. അപേക്ഷ ഏപ്രില്‍ 27 നു മുമ്പായി സമാജം ഓഫീസില്‍ നല്‍കണം. മെയ് ഒന്നിന് വൈകിട്ട് നടക്കുന്ന മെയ് ദിന സന്ദേശസമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കും. വിവരങ്ങള്‍ക്ക്: 39848091, 39185185, 39612002, 39055574.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ