മനാമ: സാംസ്‌കാരിക കേന്ദ്രമായ ബഹ്‌റൈന്‍ കേരളീയ സമാജത്തെ നിലവിലുള്ള ഭരണ സമിതി ഇവന്റ് മാനേജ്‌മെന്റ് നിലവാരത്തിലേക്ക് തരം താഴ്തിയതായി യുണൈറ്റഡ് പ്രോഗ്രസിവ് ഫോറം (യുപിഎഫ്) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 24 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ ഭരണത്തിനെതിരായ ജനവികാരം പ്രതിഫലിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനം നിരാശാജനകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്ത് ഇപ്പോഴത്തെ ഭരണസമിതി മുന്നോട്ടുവെച്ച ഒരു വാഗ്‌ദാനവും നടപ്പാക്കിയില്ല. സമാജത്തിന്റെ കലണ്ടര്‍ പരിപാടികള്‍ പോലും അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം മല്‍സര രംഗത്തുണ്ടായിരുന്നവരെ സമാജം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആസൂത്രിതമായി അകറ്റി നിര്‍ത്തിയതായും അവര്‍ ആരോപിച്ചു. സാഹിത്യവിഭാഗം, മലയാളം പാഠശാല അടക്കമുള്ള പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ജ്ജീവമായി. അതിന്റെ അമരക്കാരന് സ്വതന്ത്രമായി പവര്‍ത്തിക്കുന്നതിനുള്ള അവസരം നിക്ഷേധിച്ചു.

upf, bahrain

യുനൈറ്റഡ് പ്രോഗ്രസിവ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കലാ പ്രവര്‍ത്തനങ്ങളില്‍ സമാജം കലാകാരന്മാരെ പാടെ അവഗണിച്ചു. നാട്ടിലുള്ള ഒരു പ്രമുഖ വ്യക്തിയുടെ താല്‍പര്യാര്‍ഥം മാത്രമുള്ള കലാകാരന്മാരെ പരിപാടികളിലേക്ക് കൊണ്ടുവന്നു. ഈ പ്രവര്‍ത്തന വര്‍ഷത്തെ ബാലകലോത്സവം നടത്തിപ്പ് സമാജത്തിന്റെ ചരിത്രത്തിലെ ഏറ്റവും പരാജയമായിരുന്നു. മിനിമം മൂന്ന് വിധികർത്താക്കള്‍ക്കു പകരം ഒരുവ്യക്തിയെ വിധിനിര്‍ണയത്തിനു നിയോഗിച്ചത് ഒരുപാട് അപാകതകള്‍ക്ക് കാരണമായി. എഴുപതാം വാര്‍ഷിക ഉദ്ഘാടനസമ്മേളനത്തില്‍ സമാജത്തിന്റെ സിഇഒ ആയ ജനറല്‍ സെക്രട്ടറിയെ സ്‌റ്റേജില്‍ പോലും കയറ്റിയില്ല. അതിനു പ്രോട്ടോകോള്‍ എന്ന നിരര്‍ഥക വാദം പറഞ്ഞു ഭരണനേതൃത്വം അപഹാസ്യരായി.

പുസ്തകോത്സവം, കേരളോത്സവം, കലാകായികമത്സരങ്ങള്‍, സയന്‍സ്‌ഫോറം, സാംസ്‌കാരികസമ്മേളങ്ങള്‍, കുട്ടികളുടെ ക്യമ്പുകള്‍, റേഡിയോ നാടകമത്സരം, സുകുമാര്‍ അഴീക്കോട് സ്മാരക പ്രസംഗമത്സരം തുടങ്ങീ ഒരു സംസ്‌കാരിക പരിപാടികളും ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നസമയത്ത്, വരുന്ന പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികുളുടെ സബ് കമ്മറ്റിയുണ്ടാക്കി ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിക്കുന്ന ജനധിപത്യവിരുദ്ധ സമീപനം ഉണ്ടായി. സമാജത്തിന് പുറത്ത് നടന്ന മീറ്റിങ്ങില്‍ ബാലകലോത്സവം തുടങ്ങിയ പരിപാടികളുടെ ഭാരവാഹികളെ പ്രഖ്യാപിച്ചതായി പറയപ്പെടുന്നു. ജനാധിപത്യത്തെയും അംഗങ്ങളുടെ മൗലിക അവകാശങ്ങളുടെയും ലംഘിക്കുന്ന അപമാനകരമായ നടപടിയാണിതെന്നും അവര്‍ പറഞ്ഞു.

പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരുപാനല്‍ ആണ് യുപിഎഫ് മുന്നോട്ട് വക്കുന്നത്. അനുഭവസമ്പന്നരുടെ അറിവും പുതുമുഖങ്ങളുടെ ഊര്‍ജ്വസ്വലതയും പുതിയകാഴ്ചപ്പാടുകളും സമാജത്തിനു പുതിയ ദിശാബോധം നല്‍കാന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എസ്സ് മോഹന്‍ കുമാര്‍, ജനറല്‍ കണ്‍വീനര്‍ പിഎം വിപിന്‍, കെ ജനാര്‍ദ്ദനന്‍, കെ.ശ്രീകുമാര്‍, സുധിന്‍ അബ്രഹാം, ബാബു ജി നായര്‍, എസ്‌വി ബഷീര്‍, ബിനോജ് മാത്യു, എം ശശിധരന്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ