മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രഥമ സംഘശക്തി പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോഓപ്പറേറ്റീവ് സോസ്സൈറ്റിയുടെ പ്രസിഡന്റ് രമേശന്‍ പലേരിക്ക് സമ്മാനിക്കും. ഈ മാസം 20 ന് വൈകീട്ട് ആറിന് കേരള പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അവാര്‍ഡ് ദാന ചടങ്ങില്‍ ചിത്ര അയ്യര്‍, അന്‍വര്‍ സാദത്ത്, നജീം അര്‍ഷാദ്, മൃദുല വാര്യര്‍ തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശ അരങ്ങേറും. കൂടാതെ രചന നാരായണന്‍ കുട്ടിയുടെ നൃത്തവും ഉണ്ടായിരിക്കും. സഹകരണ മേഖലയില്‍ ഉള്ള പ്രവര്‍ത്തന മികവിന് നിരവധി പുരസ്‌കാരങ്ങള്‍ രമേശന്‍ പലേരിയെ തേടി എത്തിയിട്ടുണ്ട്. ഇദേഹത്തിന് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രഥമ സംഘശക്തി പുരസ്‌കാരം നല്‍കുന്നതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്നു സംഘാടകര്‍ അറിയിച്ചു. ബഹ്‌റൈനിലെ എല്ലാ മലയാളികളെയും ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ അവാര്‍ഡ് ദാന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. പ്രവേശനം സൗജന്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ