മനാമ: ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി മലയാളികളുടെ ആവേശകരമായ സ്വീകരണം. വെള്ളിയാഴ്ച വൈകീട്ട് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങള്‍ പങ്കെടുത്തു. കേരളത്തിന്റെ ദൈനംദിന ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് പ്രവാസികള്‍. പ്രവാസികള്‍ മലയാളികളെ സംബന്ധിച്ച് കേവലമായ ഒരു വിഭാഗമല്ല. നമ്മുടെ നാടിന്റെ തന്നെ ഭാഗമായാണ് അവര്‍ മറ്റുരാജ്യങ്ങളില്‍ കഴിയുന്നത്. ഓരോ വ്യക്തിയെയും എടുത്ത് പരിശോധിച്ചാല്‍, നാട്ടില്‍ ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ കുടുംബപ്രാരാബ്ധങ്ങളും മറ്റുമായി വന്നവരാണ് പലരും. നാടിനെ താങ്ങിനിര്‍ത്തുന്നവരാണ് പ്രവാസികളെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ അഭിവൃദ്ധിക്കിടയാക്കിയ ഭൂപരിഷ്‌കരണം കഴിഞ്ഞാല്‍ നാടിന്റെ ഇന്നത്തെ പ്രത്യേകതക്ക് ഇടയാക്കിയതില്‍ ഏറ്റവും പ്രധാന ഘടകം പ്രവാസികളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള ഒരു വിഭാഗത്തെ ഒരു ഘട്ടത്തിലും കേരളത്തിന് മറക്കാനാകില്ല. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം കേരളം എന്നുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രൂപത്തിലുള്ള കാര്യങ്ങള്‍ തിരിച്ചുകിട്ടിയിട്ടില്ല. പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൃത്യമായ സംവിധാനം ഒരുങ്ങണം. പ്രവാസികള്‍ ഇവിടെയത്തെിയത് ജീവിതമാര്‍ഗത്തിനാണ്. ജീവിതസുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണ്. അവരുടെ ജീവിതസുരക്ഷ ഉറപ്പാക്കണമെന്നത് നിങ്ങള്‍ നേരത്തെ പറയുന്നതാണ്. അതില്‍ വളരെ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു എന്ന് പറയാനാകില്ല. എന്നാല്‍ ജീവിതസുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കാരണം അത്രയും നാടിനുവേണ്ടി സംഭാവന ചെയ്യുന്നവരാണ് പ്രവാസികള്‍. അതുകണക്കിലെടുത്ത് പ്രവാസികളുടെ ജീവിതസുരക്ഷക്കായി വേണ്ട കാര്യങ്ങള്‍ ചെയ്യും.

പ്രവാസി നിക്ഷേപം ജാഗ്രതയോടെ നടത്താന്‍ അവസരമുണ്ടായാല്‍ പിന്നീട് വരുമാനം ഉറപ്പാക്കാം. ഈ നിര്‍ദേശം പലപ്പോഴായി ഉയരുന്നുണ്ട്. ഇവിടെ ജോലി ചെയ്ത് വിരമിച്ച് പോയശേഷം നാട്ടില്‍ കുഴപ്പമില്ലാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. മലയാളി പ്രവാസികള്‍ക്കായി ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തും. ഇതു നാടിന്റെ ആകെ വികാരമാണ്. നാട് ഒന്നിച്ച് നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങളോടൊപ്പമുണ്ട്. കേരളത്തില്‍ ശക്തമായ രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, പ്രവാസികളുടെ കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്.
ഗള്‍ഫുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണ് കേരളത്തിനുള്ളത്. നാടിന്റെ അന്നദാതാവായാണ് ഗള്‍ഫ് നാടുകളെ കാണുന്നത്. ഇത് നിക്ഷേപകര്‍ക്ക് ഒരു നാട്ടില്‍ നിന്ന് കിട്ടാവുന്ന ഏറ്റവും മികച്ച കാര്യമാണ്. ഇവിടുത്തെ മലയാളികളായ കുട്ടികളെ കുറഞ്ഞ ചെലവില്‍ പഠിപ്പിക്കാനായി കേരള പബ്ലിക് സ്‌കൂള്‍ സ്ഥാപിക്കാന്‍ ഭരണകൂടത്തോട് അനുമതി ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. കിരീടാവകാശിയുമായുമുള്ള ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹം ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കരിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ വലിയ വിമാനമിറക്കാന്‍ ചര്‍ച്ച നടക്കുകയാണ്. ഈ വര്‍ഷ അവസാനത്തോടെ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സീസണ്‍ ടൈമിലെ ചാര്‍ജ് വര്‍ധന തടയാനായിട്ടില്ലെങ്കിലും കേരളത്തിന്റെ ഇടപെടലിന്റ ഫലമായി കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
pinarayi vijayan

ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ ബൊക്കയും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനറും ബഹ്‌റൈന്‍ പ്രതിഭ മുര്‍തിര്‍ന്ന നേതാവുമായ സി.വി.നാരായണന്‍ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. കെഎംസിസി പ്രസിഡന്റ് എസ്‌.വി.ജലീല്‍, ഒഐസി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി രാജു കല്ലുമ്പുറം, പ്രതിഭ പ്രസിഡന്റ് കെഎം മഹേഷ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ, രവി പിള്ള, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ സംബന്ധിച്ചു. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പി വി രാധാകൃഷ്ണപിള്ള മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.

സ്വീകരണ പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍
1. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള പബ്ലിക് സ്‌കൂളുകള്‍, സാങ്കേതിക-ആര്‍ട്‌സ് കോളജുകള്‍
2. ഗള്‍ഫ് തൊഴില്‍ അന്വേഷകര്‍ക്കായി എന്‍ആര്‍കെ ജോബ് പോര്‍ട്ടല്‍ തുടങ്ങും. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ വൈദഗ്ധ്യം എന്നിവ ഇതില്‍ നല്‍കി ഉചിതമായ ജോലി കണ്ടെത്താം.
3. പ്രവാസികള്‍ക്ക് സുരക്ഷിത നിക്ഷേപക സംരംഭത്തിന് പ്രവാസി നിക്ഷേപ ബോര്‍ഡ്. ഇതുവഴി കിഫ്ബി പോലുള്ള സംരഭങ്ങളില്‍ സുരക്ഷിത നിക്ഷേപം ഉറപ്പുവരുത്തും.
4. മൃതദേഹം കൊണ്ടുപോകാനും അവശനിലയിലായവരെ നാട്ടിലത്തെിക്കാനും മുന്‍കയ്യെടുക്കുന്ന സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ധനസഹായം പരിഗണിക്കും.
5. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറുമാസമെങ്കിലും ധനസഹായം നല്‍കാനാകുമോ എന്ന കാര്യം.
6. തൊഴില്‍ നഷ്ടപ്പെടുകയോ തൊഴില്‍ ലഭിക്കാത്തവരോയായ പ്രവാസികളുടെ കുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും
7. നോര്‍ക കാലോചിതമായി പരിഷ്‌കരിക്കും.
8. വിവിധ സംരംഭങ്ങള്‍ തുടങ്ങാനും വീടുവെക്കാനും ബാങ്കുകളുമായി യോജിച്ച് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കല്‍.
9. തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നാട്ടില്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കല്‍
10. ഗള്‍ഫില്‍ തന്നെയുള്ള മലയാളി നിയമബിരുദ ധാരികളുടെ പാനലുണ്ടാക്കി ലീഗല്‍ എയ്ഡ് സെല്‍ രൂപീകരിച്ച് നിയമസഹായം ലഭ്യമാക്കല്‍.
11. ഭാരിച്ച ചികിത്സാ ചെലവ് പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള ക്ലിനിക്കുകള്‍
12. റിക്രൂട്ട്‌മെന്റ് തട്ടിപ്പ് തടയുന്നതിനു പ്രത്യേക സംവിധാനങ്ങള്‍.
13. മലയാളി പ്രവാസികള്‍ക്കായി ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ