മനാമ: കൊടും വേനലില്‍ പുറം ബഹ്‌റൈനില്‍ പുറം ജോലി വിലക്കുന്ന ഉച്ച വിശ്രമ നിയമം ഈ വര്‍ഷവും കര്‍ശനമായി നടപ്പാക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടുത്ത വേനലില്‍ ബഹ്‌റൈനില്‍ നടപ്പാക്കി വരുന്നതാണ് മധ്യാഹ്ന തൊഴില്‍ നിരോധനം. ഉച്ചക്കു 12 മുതല്‍ നാലു വരെ സമയത്ത് തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധിക്കുന്നതാണു പദ്ധതി. തൊഴില്‍ സ്ഥലങ്ങളിലെ സുരക്ഷ മുന്‍ നിര്‍ത്തി 2007 മുതലാണു രാജ്യത്ത് ഈ പദ്ധതി നിലവില്‍ വന്നത്.

മധ്യാഹ്ന തൊഴില്‍ നിരോധനം ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് അവസാനം വരെ നീളുമെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തൊഴില്‍ സുരക്ഷാ വിഭാഗം ആക്ടിങ് ചീഫ് മുസ്തഫ അല്‍ ഷെയ്ഖ് പറഞ്ഞു. മധ്യാഹ്ന തൊഴില്‍ നിരോധനം സംബന്ധിച്ചു ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നതിന് നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തൊഴിലാളികളെ സൂര്യാഘാതത്തില്‍ നിന്നു സംരക്ഷിക്കുകയും അവരുടെ തൊഴില്‍ ശേഷി ഉയര്‍ത്തുകയുമാണ് ഈ നിയന്ത്രണം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ നിരോധന സമയത്തു തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ തൊഴിലുടമ 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ഒടുക്കേണ്ടി വരും. ചൂടു കാലാവസ്ഥ നീണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ചില തൊഴില്‍ ഉടമകള്‍ സ്വന്തം നിലയില്‍ തന്നെ തൊഴില്‍ നിരോധനം നടപ്പാക്കുന്ന സാഹചര്യവും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടു ഗുരുതരമായ തൊഴില്‍ അപകടങ്ങളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ലേബര്‍ അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസ്സരി അറിയിച്ചു. കഴിഞ്ഞ വര്‍ഷം തൊഴിലിടങ്ങളിലെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആണ് . 2015 ല്‍ 16 ഉം 2014 ല്‍ 25 ഉം പേരാണു കൊല്ലപ്പെട്ടത്.

ബോധവല്‍ക്കരണവും നിയമ ലംഘകര്‍ക്കെതിരായ ശക്തമായ നടപടിയും മൂലം തൊഴില്‍ സ്ഥലത്തെ അപകടത്തില്‍ വന്‍ കുറവു വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന വികസന രംഗത്ത് ഉള്‍പ്പെടെ രാജ്യം വന്‍ വികസനത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകട രഹിതവും തൊഴില്‍ ജന്യ രോഗങ്ങളില്ലാത്തതുമായ ഒരു തൊഴില്‍ മേഖല എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള തൊഴില്‍ അന്തരീക്ഷമാണു രാജ്യത്ത് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ സുരക്ഷയും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതമാക്കുന്നതില്‍ എന്‍ജിനീയര്‍മാരും കണ്‍സള്‍ട്ടന്റുമാരും പ്രത്യേകം താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 47,939 തൊഴിലിട പരിശോധനകള്‍ വകുപ്പു നടത്തി. വിവിധ സ്ഥാപനങ്ങളിലെ 1,50,000 തൊഴിലാളികളുടെ അവസ്ഥയാണ് ഈ പരിശോധനകളിലൂടെ വിലയിരുത്തപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

റമസാനില്‍ മാംസത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ക്യാംപെയിൻ
മനാമ: റമസാന്‍ കാലത്ത് കമ്പോളത്തില്‍ ലഭ്യമാകുന്ന മാംസത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകള്‍ക്കു തുടക്കമായി. അറവുശാലകളില്‍ നിയമാനുസൃതം അറക്കുന്ന ഇറച്ചിയാണോ വില്‍പ്പനക്കെത്തുന്നതെന്നുള്ള പരിശോധനയാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്നത്. മനാമ, മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലെ ഇറച്ചി വ്യാപാര കേന്ദ്രങ്ങളിലാണു പരിശോധന ആരംഭിച്ചത്.

ആരോഗ്യ മന്ത്രാലയവും പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രാലയവും ചേര്‍ന്നാണു പരിശോധനകള്‍ നടത്തുന്നത്. നിയമാനുസൃതം അറവു ശാലയില്‍ നിന്നു സീല്‍ ചെയ്ത മാംസം മാത്രമേ വിപണിയില്‍ എത്തൂ എന്ന് ഉറപ്പുവരുത്തുന്ന പരിശോധനകള്‍ ക്യാംപെയിൻ കാലയളവില്‍ നടക്കും.

ഇറച്ചി വ്യാപാരികള്‍ അംഗീകൃത അറവു ശാലകളില്‍ നിന്നുള്ള നിയമാനുസൃത ഇറച്ചി മാത്രമേ വില്‍പ്പന നടത്താവൂ എന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook