മനാമ: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ വനിതകളുടെ എണ്ണത്തില്‍ ബഹ്‌റൈന്‍ ലോക രാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2016 സര്‍വേയാണ് ഈ വെളിപ്പെടുത്തല്‍. ലക്‌സംബര്‍ഗ്, തായ്‌വാന്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് പട്ടികയില്‍ ആദ്യമൂന്നു സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഹംഗറി. അഞ്ചാം സ്ഥാനത്തുള്ള ബഹ്‌റൈനാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന് ആദ്യത്തെ പത്തു സ്ഥാനത്ത് ഉള്‍പ്പെട്ടത്.

ബഹ്‌റൈനു പിന്നാലെ ഓസ്‌ട്രേലിയ, ഇക്വഡോര്‍, ന്യൂസിലൻഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നീ രാഷ്ട്രങ്ങളാണുള്ളത്. കേസുകള്‍ ഒത്തു തീര്‍പ്പാക്കല്‍, തൊഴിലും ജീവിതവും തമ്മിലുള്ള സമതുലിതാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രവാസി വനിതകളില്‍ 73 ശതമാനവും തങ്ങളുടെ ജോലിയില്‍ സംതൃപ്തരാണെന്നാണ് അഭിപ്രായപ്പെടുന്നത്. ആഗോള ശരാശരിയനുസരിച്ച് ഇത് 62 ശതമാനമാണ്.

പ്രാദേശിക ജനതയുമായി എളുപ്പം ചങ്ങാത്തം കൂടാന്‍ കഴിയുന്നതായും സ്ത്രീകള്‍ പറയുന്നു. ലോക വനിതാ ദിനാചരണ പരിപാടികളുടെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്. ജോലി ചെയ്യാനുള്ള അനുകൂല അന്തരീക്ഷം പ്രദാനം ചെയ്യുന്നതോടൊപ്പം ഇവിടെ സ്ഥിരവാസം ഉറപ്പിക്കാനും സാഹചര്യമുണ്ടാകുന്നു. എളുപ്പത്തില്‍ പാര്‍പ്പുറപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രങ്ങളുടെ നിരയില്‍ ആറാം സ്ഥാനവും ബഹ്‌റൈന് ഉണ്ട്.
സര്‍വേയില്‍ പങ്കെടുത്ത വിദേശ വനിതകളില്‍ 27 ശതമാനവും അവര്‍ക്കു പ്രാദേശിക ജനങ്ങളുമായി എളുപ്പം സൗഹൃദം ഉണ്ടാക്കാന്‍ കഴിഞ്ഞതായി വെളിപ്പെടുത്തി. ആഗോള ശരാശരി ഇതു 11 ശതമാനമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook