മനാമ: രാജ്യത്ത് ആറുമാസം നീളുന്ന ചെമ്മീന്‍ പിടുത്ത നിരോധനം നിലവില്‍ വന്ന ശേഷം ഒരു ടണ്ണിനു മേല്‍ അനധികൃത ചെമ്മീന്‍ കണ്ടെടുത്തു. മാര്‍ച്ചില്‍ നിരോധനം നിലവില്‍ വന്ന ശേഷം നടത്തിയ പരിശോധനയില്‍ 47 പേര്‍ നിരോധനം ലംഘിച്ചു ചെമ്മീന്‍ പിടിച്ചു. 27 ബോട്ടുകള്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായെന്നു പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ ദിവസവും മല്‍സ്യബന്ധന തുറമുഖങ്ങള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ചെമ്മീനുകളുടെ പ്രജനന കാലമായതിനാലാണ് ആറുമാസക്കാലം രാജ്യത്തു ട്രോളിങ് നിരോധിക്കുന്നത്. 1980 മുതല്‍ നിരോധനം രാജ്യത്തു നടപ്പാക്കി വരുന്നു. നിരോധന കാലയളവില്‍ ചെമ്മീന്‍ വില്‍പ്പന നടത്തുന്നതും കുറ്റകരമാക്കി പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രി ഇസ്സാം ഖലാഫാണ് ഈ വര്‍ഷം മാര്‍ച്ച് 7 നു തീരുമാനം നടപ്പാക്കിയത്. നിയമ മനുസരിച്ച് നിരോധ കാലയളവില്‍ ചെമ്മീന്‍ പിടിക്കുന്നവര്‍ക്കു പിഴ ശിക്ഷ നല്‍കുകയും മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. നിരോധന കാലയളവില്‍ രാജ്യത്തിനു പുറത്തു നിന്നു വന്‍ തോതില്‍ ചെമ്മീന്‍ കള്ളക്കടത്തായി ബഹ്‌റൈനില്‍ എത്തുന്നുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ