മനാമ: ബഹ്‌റൈനില്‍ കടന്നുപോയ സെപ്റ്റംബര്‍ 115 വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ മാസമായിരുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 1902 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഉയര്‍ന്ന ചൂട് സെപ്റ്റംബറില്‍ മുമ്പുണ്ടായിട്ടില്ല. 34.6 ഡിഗ്രിയാണ് പോയ മാസത്തെ ശരാശരി ചൂട്. ഇത് മൊത്തം ശരാശരിയേക്കാള്‍ 2.2 ഡിഗ്രി കൂടുതലാണ്. 1998ലും 2015ലുമാണ് ഇതിനു മുമ്പ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 34.5 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്. പോയ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ശരാശരി ചൂട് 39.1 ഡിഗ്രിയാണ്. ഇതു ദീര്‍ഘകാല ശരാശരിയേക്കാള്‍ 2.6 ഡിഗ്രി കൂടുതലാണ്.

സെപ്റ്റംബര്‍ മൂന്നിനു ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ 44.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ 40 ഡിഗ്രിയിലധികം ചൂടുണ്ടായ 10 ദിവസങ്ങളാണുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി ചൂട് 30.9 ഡിഗ്രിയായിരുന്നു. ഇതു ദീര്‍ഘകാല ശരാശരിയേക്കാള്‍ 2.3 ഡിഗ്രി കൂടുതലാണ്. സെപ്റ്റംബര്‍ 26നാണ് ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ടത് 26.1 ഡിഗ്രി. പോയ മാസത്തിലെ ശരാശരി അന്തരീക്ഷ ഈര്‍പ്പം 60ശതമാനമായിരുന്നു.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; മൂന്നു മൈതാനങ്ങള്‍ നിറഞ്ഞു കവിഞ്ഞു
മനാമ: പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി സൂക്ഷിക്കുന്ന മൂന്നു മൈതാനങ്ങള്‍ നിറഞ്ഞു കവിഞ്ഞതായി അധികൃതര്‍. ഉത്തര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ചു പൊടിപിടിച്ചു കിടക്കുന്ന അവസ്ഥക്കെതിരെ ചര്‍ച്ച ഉയര്‍ന്നു വന്നത്. തന്റെ മണ്ഡലത്തില്‍ മാത്രം ഇനിയും നീക്കം ചെയ്യാനായി വഴിയരികില്‍ ഇത്തരത്തില്‍ നൂറോളം വാഹനങ്ങള്‍ കിടക്കുന്നുണ്ടെന്ന് ഒരു കൗണ്‍സിലര്‍ പറഞ്ഞു.

ബര്‍ബാര്‍, സല്‍മാബാദ്, അസ്‌കര്‍ എന്നിവിടങ്ങളിലെ, കണ്ടുകെട്ടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞതായി കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ ഗ്രൗണ്ടുകളില്‍ ഇനിയും വാഹനം സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഇപ്പോള്‍ നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നു പൊതുമരാമത്ത് മന്ത്രാലയലും ആഭ്യന്തര മന്ത്രാലയവും പറയുന്നു.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പെരുകുന്ന സാഹചര്യം ഭീഷണി സൃഷ്ടിക്കുകയാണെന്നു കൗണ്‍സിലര്‍ താഹാ അല്‍ ജുനൈദ് പറഞ്ഞു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ നീക്കം ചെയ്യുന്ന വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം കാണിച്ചു തരേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.

വന്‍തോതില്‍ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന സല്‍മാബാദ് മേഖലയിലാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പെരുകുന്നതെന്നു കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി. സല്‍മാബാദില്‍ ഒരു ഫാക്ടറിയിലോ വ്യവസായ മേഖലയിലോ ഗ്യാരേജിലോ തീപിടിത്തമുണ്ടായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വ്യാപിക്കാനും വന്‍ ദുരന്തമുണ്ടാവാനും സാധ്യതയുണ്ട്. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ കേന്ദ്രമാണിവിടം. ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍ ഭീകര പ്രവര്‍ത്തനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള സാധ്യതയും കൂടുതലാണ്.
രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ 80 ശതമാനവും സല്‍മാബാദ് ഏരിയയിലാണെന്നു യോഗം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ മൈതാനങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതിന്റെ പത്തു മടങ്ങെങ്കിലും ഇതുവരെയായി വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഹമൂദ് പറഞ്ഞു. ബഹ്‌റൈനില്‍ വാണിജ്യ, പാര്‍പ്പിട മേഖലകളില്‍ എവിടെ വാഹനങ്ങല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടാലും ഇവിടെയാണ് എത്തിക്കുന്നത്.

ഇവിടുത്തെ അപകട സാധ്യത കണക്കിലെടുത്തു ഇത്തരത്തിലുള്ള വാഹനങ്ങള്‍ സൂക്ഷിക്കാന്‍ മറ്റു സ്ഥലങ്ങളില്‍ സൗകര്യം അനുവദിക്കണമെന്നു പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രാലയത്തോട് യോഗം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ