മനാമ: ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരം വെള്ളിയാഴ്ച സാക്കിറിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ടില്‍ ആരംഭിക്കും. ഏപ്രില്‍ 16 വരെ നീളുന്ന മത്സരത്തിലെ പ്രധാന റെയ്‌സ് ഞായറാഴ്ച നടക്കും. മറ്റു ദിവസങ്ങളില്‍ ക്വാളിഫയിങ് റൗണ്ട്, പരീശീലന സെഷനുകള്‍ എന്നിവ നടക്കും. ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ തേര്‍ഡ് റൗണ്ടാണ് ഇത്തവണ ബഹ്‌റൈനില്‍ നടക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഫഌ്‌ലൈറ്റില്‍ നടന്ന രാത്രികാല റെയ്‌സ് ആണ് ഇത്തവണയും.

ഇത്തവണ ‘3യെശാ വെയാനാ’ എന്ന ഔദ്യാഗിക ഗാനവും പുറത്തിറക്കി. ഹിപ്‌ഹോപ് രംഗത്ത് പ്രശസ്തരായ ഡാഫിയും ഫ്‌ളിപ്പെറാച്ചിയും ചേര്‍ന്നാണ് ഔദ്യോഗിക ഗാനം അവതരിപ്പിക്കുന്നത്. കാണുക, അനുഭവിക്കുക, സജീവമാക്കുക എന്നതാണ് ഇത്തവണത്തെ ഔദ്യോഗിക പ്രമേയം. മുന്‍ വര്‍ഷങ്ങളെപ്പോലെ ഈ വര്‍ഷവും ഗ്രാന്‍ പ്രീ അനുബന്ധ പരിപാടികള്‍ സംഗീത താള വിസ്മയങ്ങളാല്‍ മുഖരിതമാകും. ലോക പ്രശസ്ത ബാന്റുകളുടെ സംഗീത പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള വിനോദപരിപാടികളും മത്സരവേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഡിജെമാരായ ദിമിത്രി വെഗാസ്, ലൈക് മൈക് എന്നിവര്‍ എത്തും. ഡിനോസറുകളുടെ ചലിക്കുന്ന രൂപങ്ങള്‍, പ്രേതാലയം പോലുള്ള വീടുകള്‍ തുടങ്ങിയവയാണ് 13-ാമത് ഗ്രാന്‍ പീ വേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ടെന്റില്‍ 24 ഡിനോസറുകളുടെയും ഐസ് എയ്ജ് സിനിമകളിലെ മൃഗങ്ങളുടെയും ചലിക്കുന്ന രൂപങ്ങളുണ്ടാകും. കുട്ടികള്‍ക്കായുള്ള പരിപാടികളുടെ എണ്ണം വര്‍ധിപ്പിച്ചു. കുട്ടികള്‍ക്ക് 10 ശില്‍പശാലകളാണ് ഇത്തവണ നടത്തുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ പോപ് ഗായഗന്‍ എന്‍ റികോ ഇഗ്‌ലേഷ്യസ്, കാനേഡിയന്‍ ഗായകന്‍ ബ്രയന്‍ ആഡംസ് എന്നിവരുടെ സംഗീത പരിപാടിയും ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്. പരിപാടി മുന്നില്‍ കണ്ട് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ