മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ മേഖലയിലേക്കു റിക്രൂട്ട് ചെയ്യുന്ന വിദേശികളുടെ എണ്ണം ഗണ്യമായി കുറയുന്നു. 173 വിദേശികളെ മാത്രമാണ് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ റിക്രൂട്ട് ചെയ്തത്. എന്നാല്‍ 2011ല്‍ 791 വിദേശികളെ പൊതു മേഖലയില്‍ നിയമിച്ചിരുന്നു. 2015ല്‍ 593 വിദേശികളെയും ജോലിക്കെടുത്തത്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ വിദേശികളുടെ എണ്ണം 17 ശതമാനമാണ്.

പൊതു മേഖലയില്‍ ബഹ്‌റൈനികളല്ലാത്തവരെ നിയമിച്ചതു വഴി പ്രതിമാസം 2,23,000 ദിനാര്‍ ചെലവ് വന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ഗനെം അല്‍ ബുഐനയ്ന്‍ അറിയിച്ചു. ഒഴിവുള്ള തസ്തികക്കു യോജിച്ച ബഹ്‌റൈനികളുണ്ടോയെന്നു പരിശോധിച്ച ശേഷമാണ് വിദേശികളെ റിക്രൂട്ട്‌ചെയ്യാറുള്ളത്. രാജ്യത്തിന്റെ നിയമ വ്യവസ്ഥ പ്രകാരം ഹ്രസ്വകാല കരാറുകളിലാണ് വിദേശികളെ നിയമിക്കാറ്. സ്ഥിരമായി നിയമനം സ്വദേശികള്‍ക്കു മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. കരാര്‍ കാലവധിക്കുശേഷം ഈ തസ്തികക്കു യോജിച്ച ബഹ്‌റൈനി ഉണ്ടോയെന്നുറപ്പുവരുത്താറുണ്ട്.

ബഹ്‌റൈന്‍ നിയമ പ്രകാരം പ്രാദേശി മാധ്യമങ്ങളിലോ സിവില്‍ സര്‍വീസ് ബ്യൂറോ ഡാറ്റാ ബേസിലോ അറിയിക്കാതെ ഒരു ഒഴിവും വിദേശത്ത് പരസ്യപ്പെടുത്താറില്ല. പൊതു മേഖലയില്‍ യോഗ്യരായ ബഹ്‌റൈനികളെ ഉയര്‍ത്തികൊണ്ടുവരാനുള്ള പ്രവര്‍ത്തനമാണ് ബ്യൂറോ നടത്തുന്നതെന്നും മന്ത്രി എംപി ജലാല്‍ മഹ്ഫൂദിന്റെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ