മനാമ: ബഹ്‌റൈന്‍ കടന്നുപോകുന്നതു കൊടും ചൂടിലൂടെ. ചൂട് കനത്തിനൊപ്പം ഹ്യുമിഡിറ്റിയും കൂടിയത് ജനങ്ങള്‍ക്ക് പ്രയാസകരമായി. ഈ മാസം ആദ്യവാരം റെക്കോര്‍ഡ് ചൂടായിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്. 2013 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ചൂടില്‍ 4.7 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷം ജൂലൈയില്‍ 45 ഡിഗ്രിയായിരുന്നു ഏറ്റവും ഉയര്‍ന്ന ചൂട്. ഇത്തവണ ദൂറത്ത് അല്‍ ബഹ്‌റൈനില്‍ 46 ഡിഗ്രിവരെ ചൂട് ഉയര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നുവെന്നു മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ആദല്‍ ദഹാം പറഞ്ഞു. ചൂടില്‍ 4.7 ഡിഗ്രിയുടെ വന്‍ ഉയര്‍ച്ച ദൃശ്യമായതോടെ ഇത്തവണ മധ്യവേനലില്‍ കടുത്ത ചൂടായിരിക്കും രാജ്യത്ത് ഉണ്ടാവാന്‍ പോകുന്നതെന്നാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാറ്റിന്റെ ഗതിക്കനുസരിച്ച് ചൂടില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. അടുത്ത ഏതാനും ആഴ്ചകളില്‍ ചൂട് 40 ഡിഗ്രിയില്‍ തുടരാനാണു സാധ്യത. ഉയര്‍ന്ന ചൂട് ബഹ്‌റൈനിലെ മാത്രം പ്രതിഭാസമല്ലെന്നും ആഗോള താപനത്തിന്റെ പ്രതിഫലനമായി ലോകം മുഴുവന്‍ ഉണ്ടായ ഉയര്‍ന്ന ചൂടിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ ബറാ എന്നു പ്രാദേശികമായി അറിയപ്പെടുന്ന ഷമാല്‍ കാറ്റിനെ ആശ്രയിച്ചാണു ബഹ്‌റൈനിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ രൂപീകരിക്കുന്നത്. എന്നാല്‍ ആഗോള താപനം കാറ്റിന്റെ ഗതിയിലും ഈര്‍പ്പത്തിലും മാറ്റം വരുത്തുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് വന്‍തോതില്‍ ഉയര്‍ന്നത് അസഹ്യമായി ചൂട് ഉയരാന്‍ വഴിയൊരുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 1902 മുതലുള്ള കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതൽ ചൂട് ജൂണ്‍ മാസത്തിലായിരുന്നു. 34.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ജൂണിലെ ചൂട്. ഇത്തവണ ഇതിൽ 2.1 ഡിഗ്രിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ