മനാമ: കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് മോചിതരായി തിരിച്ചെത്തിയ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയോടെ എമിറേറ്റ്‌സ് വിമാനത്തില്‍ ചെന്നൈയിലേക്കു പോയ ഇവര്‍ അവിടെ നിന്നും വൈകീട്ട് ബസില്‍ നാട്ടിലേക്കു മടങ്ങി. കന്യാകുമാരി, തിരുനല്‍വേലി, രാമനാഥപുരം ജില്ലയില്‍നിന്നുള്ളവരാണ് തൊഴിലാളികള്‍.

സത്യസാഗര്‍ വിജയ ബാബു, ജോസഫ് കെന്നഡി, ശ്രീജിത്ത് ഉദയകുമാര്‍, ക്ലൗഡിന്‍ നസ്‌റിന്‍, ആന്റണി എഡ്വിന്‍, ജോര്‍ജ് കെവ, രവി രാമസ്വാമി, ജോര്‍ജ് സുധാകരന്‍, വിന്‍സന്റ് രായപ്പന്‍, പ്രശാന്ത് സവേരിയന്‍, ശ്രീനു ഉദയകുമാര്‍, രാജേഷ് കുമാര്‍ മാരിമുത്തു, ക്യാപ്റ്റന്‍മാരായ ആന്റണി ജേക്കബ്, വര്‍ഗീസ്, സെലറ്റ് രാജ എന്നിവരാണ് ഇന്ന് പുലര്‍ച്ചയോടെ വീടുകളില്‍ എത്തിയത്. ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തി.

ഇവര്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ എംബസിയാണ് നല്‍കിയത്. എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിആര്‍എഫ് വോളന്റിയര്‍മാര്‍ ഇവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. ബഹ്‌റൈനിലെ മറ്റൊരു പ്രവാസി കൂട്ടായ്മയായ ‘ഹോപ്പിന്റെ പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് ചോക്ലേറ്റും മറ്റുമടങ്ങിയ ‘പ്രവാസി കിറ്റ്’ നല്‍കി. മറ്റുചില സംഘടനകളും സഹായവുമായി രംഗത്തെത്തിയിരുന്നു.
bahrain, fisherman

സമുദ്രാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇറാനിലെ ക്വിഷ് ദീപില്‍ തടവിലായിരുന്നു ഇവരടക്കം ബഹ്‌റൈനില്‍നിന്നും മത്സ്യബന്ധനത്തിനുപോയ 21 തൊഴിലാളികള്‍. ഏപ്രില്‍ രണ്ടിന് ഉച്ചക്കാണ് 15 ഇന്ത്യക്കാരും ആറ് ബംഗ്ലാദേശികളും ഇറാനില്‍ നിന്ന് ബോട്ടില്‍ ബഹ്‌റൈനിലേക്ക് തിരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ബഹ്‌റൈന്‍ തീരത്തെത്തി. 13 പേരുടെയും വിസ കാലാവധി കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് കരയിലേക്കിറങ്ങാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് ബോട്ടുകളിലായാണ് ഇവര്‍ ബഹ്‌റൈനിലേക്ക് വന്നത്.

തൊഴിലാളികളെ ഇറാനില്‍ മോശം സാഹചര്യത്തില്‍ തടവിലാക്കിയ നടപടിക്കെതിരെ തമിഴ്‌നാട്ടിലെ വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിടികൂടിയ മത്സ്യത്തൊഴിലാളികളെ ആദ്യം ഇറാന്‍ അധികൃതര്‍ അഞ്ചുദിവസം ജയിലില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് അവരുടെ ബോട്ടിലേക്ക് മാറ്റുകയാണുണ്ടായത്. മാര്‍ച്ച് 14ന് കോടതി മോചിപ്പിച്ചെങ്കിലും ഇറാനില്‍ അവധി ദിവസങ്ങള്‍ അടുപ്പിച്ച് വന്നത് മൂലം തൊഴിലാളികള്‍ക്ക് ബഹ്‌റൈനിലേക്ക് മടങ്ങാനായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവര്‍ പിടിയിലാകുന്നത്. ബഹ്‌റൈനിലെ രണ്ടുസ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. സമ്പാദ്യം ഒന്നുമില്ലെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇവര്‍ നാട്ടിലേക്കു മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ