മനാമ: ബഹ്‌റൈന്‍ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദ്ദേശങ്ങള്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ടവരില്‍ നിന്ന് ഉയര്‍ന്നു വന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അല്‍ നുഐമിയുടെ റമദാന്‍ മജ്‌ലിസ്സില്‍ സംബന്ധിച്ച പ്രമുഖരാണ് വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചത്.

ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സര്‍വേ ആൻഡ് ലാൻഡ് റജിസ്‌ട്രേഷന്‍ ബ്യൂറോ മേധാവി ഷെയ്ഖ് സല്‍മാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, രാജ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, ഷൂറാ കൗണ്‍സില്‍, പ്രാതിനിധ്യ കൗണ്‍സില്‍ അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍, പണ്ഡിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൗര പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.

സെക്കന്ററി ജനറല്‍ ആൻഡ് ടെക്‌നിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫലം നാളെ പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലക്കു മികച്ച പിന്‍തുണ നല്‍കുന്ന ഭരണ നേതൃത്വത്തെ മന്ത്രി പ്രകീര്‍ത്തിച്ചു. ഉന്നത വിജയം കരസ്ഥമാക്കാന്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യസ ജീവനക്കാരെ മന്ത്രി അഭിന്ദിച്ചു. വിദ്യാര്‍ഥികള്‍ക്കു മികച്ച സേവനങ്ങള്‍ ഒരുക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തെ മജ്‌ലിസില്‍ പങ്കെടുത്തവര്‍ അനുമോദിച്ചു. വിദ്യാര്‍ഥികളില്‍ പൗരത്വത്തിന്റേയും മനുഷ്യാവകാശത്തിന്റേയും പ്രാധാന്യം വളര്‍ത്തുന്നതടക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടുത്ത വര്‍ഷത്തെ ആസൂത്രണങ്ങളും മന്ത്രി വിശദീകരിച്ചു.

വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അല്‍ നുഐമിയുടെ റമദാന്‍ മജ്‌ലിസ്സില്‍ നിന്ന്

‘ഫ്രീ വിസ’ കുറ്റകരമാക്കുന്ന ബില്ലില്‍ ബഹ്‌റൈനില്‍ ഈ ആഴ്ച വോട്ടെടുപ്പ്
മനാമ: ‘ഫ്രീ വിസ’ എന്ന പേരില്‍ രാജ്യത്ത് നിയമപരമല്ലാത്ത രീതിയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി കുറ്റകരമാക്കുന്ന ബില്ലിന് ഈ ആഴ്ച ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ എംപിമാര്‍ വോട്ടു രേഖപ്പെടുത്തും. 2006 ലെ ലേബര്‍ മാര്‍ക്കറ്റ് റഗുലേഷനിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് എംപി ആദെല്‍ അല്‍ അസൂമിയുടെ നേതൃത്വത്തില്‍ ഒരു സംഘം എംപിമാരാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നത്.

നിയമ വിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്കു പിഴയും തടവും ഉറപ്പാക്കുന്നതും അവരുടെ കമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുമായ ഭേദഗതിയാണു നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാജ്യത്ത് നിയമ വിരുദ്ധ പ്രവാസി തൊഴിലാളികളുടേയും തൊഴിലുടമയില്‍ നിന്ന് ഓടിപ്പോകുന്ന തൊഴിലാളി(റണ്‍ എവേ)കളുടേയും എണ്ണം നിയന്ത്രിക്കാനും അതുവഴിയുള്ള സുരക്ഷാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും വേണ്ടിയാണ് ഈ ഭേഗഗതിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതു സംബന്ധിച്ച പഠിക്കുന്നതിനായി കരട് ബില്‍ നേരത്തെ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റിക്കു വിട്ടിരുന്നു. തുടര്‍ന്നു ബില്‍ പാര്‍ലമെന്റിന്റെ നിയമ കാര്യ കമ്മിറ്റിയും ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയും കൗണ്‍സിലിന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റും പരിശോധിച്ചു. തുടര്‍ന്നാണു പാര്‍ലമെന്റില്‍ വോട്ടിങ്ങിനു വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ