മനാമ: ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് മൂന്നിന് രാവിലെ 8.30 മുതല്‍ ഉച്ചക്കു രണ്ടുവരെ വരെ ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ‘കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ എന്ന വിഷയത്തില്‍’ മെഗാ മെഡിക്കല്‍ ക്യാംപും പ്രദര്‍ശനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോ.വി.പി.ഗംഗാധരന്‍ പങ്കെടുക്കും. ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഫാഇഖ സഈദ് അസ്സാലിഹിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാന്‍സര്‍ ബോധവത്കരണത്തിനൊപ്പം, മാര്‍ച്ച് മാസം ലോകാരോഗ്യ സംഘടന കിഡ്‌നി ബോധവത്കരണ മാസമായി ആചരിക്കുന്നതിനാല്‍ വൃക്കരോഗങ്ങള്‍ സംബന്ധിച്ച സെമിനാര്‍, ടെസ്റ്റ് എന്നിവയും നടത്തും. നിത്യ ജീവിതവുമായി ബന്ധപ്പെട്ട വിവരണങ്ങള്‍, പ്രാഥമിക അപകട രക്ഷാപരിശീലനം, ലഹരി പുകവലി വിരുദ്ധ ബോധവത്കരണം, അഗ്‌നിശമനഗതാഗത ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കും. ഇതിനായി വിവിധ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പിവി ചെറിയാന്‍ പറഞ്ഞു.

ബഹ്‌റൈനിലെ പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും പരിശീലനം ലഭിച്ച വിദഗ്ധരും പങ്കെടുക്കും. സൗജന്യമായി നടത്തുന്ന പരിപാടിയില്‍ ദേശവിത്യാസമില്ലാതെ ആര്‍ക്കും പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയിലൂടെ ലഭിക്കുന്ന തുക ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കാന്‍സര്‍ രോഗികളെ സഹായിക്കുന്ന ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറും. ഇന്ത്യന്‍ എംബസിയും പരിപാടിയുമായി സഹകരിക്കും

ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.വലീദ് ഖലീഫ അല്‍ മനീഅ മുഖ്യാതിഥിയായിരിക്കും. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്, കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ബഹ്‌റൈന്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മെഡിസിന്‍, സൈക്യാട്രിക് ഹോസ്പിറ്റല്‍, ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, ദാറുല്‍ ഷിഫ മെഡിക്കല്‍ സെന്റര്‍, അല്‍ റാബി ഡെന്റല്‍ സെന്റര്‍, ഇന്‍ടച്ച് സ്‌പൈന്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

ട്രാഫിക് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ്, എന്നീ വകുപ്പുകളുടെ സാന്നിധ്യവും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ പാരാമെഡിക്കല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ ഹൃദയാഘാതം വന്നാല്‍ പ്രഥമ നടപടിയായി സ്വീകരിക്കേണ്ട കാര്‍ഡിയോപള്‍മനറി റെസുസിറ്റേഷന്‍ (സിപിആര്‍) നല്‍കുന്നത് വിശദമാക്കുന്ന ഡെമോണ്‍സ്‌ട്രേഷനും പരിപാടിയുടെ ആകര്‍ഷണമാണ്. കിഡ്‌നി രോഗങ്ങള്‍, കാന്‍സര്‍ ബോധവത്കരണ ക്ലാസുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.

അബ്ദുല്‍ സഹീര്‍, കെ.ടി.സലിം, അജയകൃഷ്ണന്‍, ജോര്‍ജ് മാത്യു, എം.കെ.ബഷീര്‍, കോശി സാമുവല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും സ്റ്റാള്‍ ബുക്ക് ചെയ്യാനും ഡോ.വി.പി.ഗംഗാധരന്റെ പരിശോധനക്കുമായി കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി കെ.ടി. സലിം (33750999), ഹോസ്പിറ്റല്‍ വിസിറ്റ് കണ്‍വീനര്‍ ജോര്‍ജ് മാത്യു (39093409), അബ്ദുല്‍ സഹീര്‍ (39059171) എന്നിരെ ബന്ധപ്പെടണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ