മനാമ: ബഹ്‌റൈനില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കോള്‍ ടാക്‌സി സര്‍വീസ് നടത്തുന്നതിന് അംഗീകാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നിയമങ്ങളില്‍ പരിഷ്‌കരണം നിര്‍ദേശിക്കുന്നതിന് നിയമകാര്യ മന്ത്രാലയ സമിതിയെ ചുമതലപ്പെടുത്തി.

ഗുദൈബിയ കൊട്ടാരത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കോടതി വ്യവഹാരങ്ങളിലും തെളിവുകള്‍ പരിശോധിക്കുമ്പോഴും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ ക്യാബിനറ്റ് യോഗം നിര്‍ദേശിച്ചു. സിവില്‍ വ്യാപാര തര്‍ക്കങ്ങളില്‍ കാലതാമസമില്ലാതെ വിധിയുണ്ടാകുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്.
റോഡ് ഗതാഗത മേഖലയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നതിനെക്കുറിച്ച് സഭ ചര്‍ച്ച ചെയ്തു. രാജ്യത്ത് നിക്ഷേപം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യം വിപുലീകരിക്കുന്നതിനെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഈ മേഖലയിലെ വിവിധ സംവിധാനങ്ങള്‍ വിലയിരുത്താനും ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ ആഗോള തലത്തില്‍ ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈജിപ്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ സ്ഫോടനങ്ങളെ കാബിനറ്റ് ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരില്‍ നിന്ന് ഈജിപ്തിനെ രക്ഷിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഈജിപ്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അറബ് ലീഗ് ഏര്‍പ്പെടുത്തിയ ‘ഡവലപ്‌മെന്റ് ആക്ഷന്‍ അവാര്‍ഡ്’ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫക്ക് ലഭിച്ചതില്‍ കാബിനറ്റ് അഭിനന്ദിച്ചു.

അഭിമാനകരമായ നേട്ടമാണിത്. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകള്‍ രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ശക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ആധുനിക ബഹ്‌റൈന്‍ രൂപപ്പെടുത്തുന്നതിലും സാമ്പത്തിക നിക്ഷേപവ്യവസായ മേഖലകളില്‍ അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കുന്നതിനും പ്രധാനമന്ത്രിയുടെ നയസമീപനങ്ങള്‍ കാരണമായിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യം കൂടുതല്‍ ഉന്നതയിലേക്ക് ഉയരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിവിധ രാഷ്ട്ര നേതാക്കളുടെ സന്ദര്‍ശനം വഴി അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനും സാധിക്കുമെന്ന് കാബിനറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ