മനാമ: രാജ്യത്തു നിന്നും തിരിച്ചുപോകുന്ന പ്രവാസികളുടെ ഫിംഗര്‍ പ്രിന്റ് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി. ഇതടക്കം പാര്‍ലമന്റെ് സമര്‍പ്പിച്ച നാല് നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ബുസൈത്തീനില്‍ ഹാള്‍ നിര്‍മാണം, അല്‍ ഫാത്തിഹ് അവന്യൂവില്‍ അറ്റകുറ്റപ്പണി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്റ് റസിഡന്റ്‌സ് അഫയേഴ്‌സിന് പുതിയ കെട്ടിടം നിര്‍മിക്കുകയും ബ്രാഞ്ചുകള്‍ തുറക്കുകയും ചെയ്യുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് അംഗീകരിച്ചത്.

ഗുദൈബിയ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അധ്യക്ഷനായി. റമസാൻ അടുത്ത സാഹചര്യത്തില്‍ ചാരിറ്റി സൊസൈറ്റികള്‍ക്ക് അവരുടെ സേവനം ജനങ്ങളിലെത്തിക്കാനുള്ള സഹായം വേഗത്തില്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ധനസമാഹരണവും മറ്റും നിയമം അനുശാസിക്കുന്ന മാര്‍ഗത്തിലൂടെയാകണം. ഭക്ഷണ സാധനങ്ങളുടെ വിതരണത്തിനും വില നിയന്ത്രണത്തിനുമായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്തി.

ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എണ്ണയിതര മേഖലയിലെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വിലയിരുത്തി. ചെലവ് ചുരുക്കാനുള്ള നടപടികളും ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ ധനകാര്യ സ്ഥിതി ക്യാബിനറ്റ് അവലോകനം ചെയ്തു. ബജറ്റ് സുസ്ഥിര സ്വഭാവം കൈവരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. റിയല്‍ എസ്‌റ്റേറ്റ് നിര്‍മാണ മേഖലയില്‍ കരുത്ത് പകരുന്ന കൂടുതല്‍ എക്‌സിബിഷനുകള്‍ നടത്താന്‍ പ്രോത്സാഹനം നല്‍കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്ന ‘ഗള്‍ഫ് എക്‌സിബിഷന്‍ ഫോര്‍ ബില്‍ഡിങ്, റിയല്‍ എസ്‌റ്റേറ്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ ഫര്‍ണീച്ചര്‍ 2017 വിജയകരമായതായി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി.

പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സല്‍മാബാദ് ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ട മന്ത്രിയെ ചുമതലപ്പെടുത്തി. ഗലാലിയിലെ ചില പ്രദേശങ്ങളില്‍ മലിനജലം കെട്ടിക്കിടന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് അടിയന്തിര പരിഹാരം കാണാന്‍ പൊതുമരാമത്ത് മുനിസിപ്പല്‍നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. അയല്‍ രാജ്യങ്ങളിലെ സമുദ്ര പ്രദേശങ്ങളില്‍ മത്സ്യം ചത്തുപൊന്തുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ അത്തരം സംഭവങ്ങള്‍ ബഹ്‌റൈനില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും മതിയായ നിരീക്ഷണം നടത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വിവിധ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. മലേഷ്യ, ബ്രൂണെ, തായ്‌ലന്റ് എന്നീ രാഷ്ട്രങ്ങളുമായി സാമ്പത്തിക, നിക്ഷേപ, രാഷ്ട്രീയ മേഖലകളില്‍ സഹകരണം ശക്തമാക്കാനുള്ള വഴി തുറന്നു. ഹമദ് രാജാവിന് ഈ രാഷ്ട്രങ്ങള്‍ നല്‍കിയ ഊഷ്മള സ്വീകരണവം കാബിനറ്റ് പ്രത്യേകം പരാമര്‍ശിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തെയും മന്ത്രിസഭ സ്വാഗതം ചെയ്തു.

ബഹ്‌റൈനിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നത് മാതൃകയാണ്. രാഷ്ട്രത്തെ പ്രതിരോധിക്കുന്നതിലും മാധ്യമങ്ങള്‍ മുന്നിലാണെന്ന് ബഹ്‌റൈന്‍ പത്രപ്രവര്‍ത്തക ദിനാചരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയും വിഭാഗീയതക്കും വംശീയതക്കുമെതിരെ നിലകൊള്ളുകയും ചെയ്യുന്നത് തങ്ങളുടെ ബാധ്യതയായി അവര്‍ കാണുന്നത് ശ്ലാഘനീയമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ക്ക് എല്ലാത്തരം സര്‍ക്കാര്‍ സേവനങ്ങളും ശരിയായ രൂപത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ