മനാമ: 220 കോടി ദിനാര്‍ വരവും 350 കോടി ചെവലും പ്രതീക്ഷിക്കുന്ന 2017-18 വര്‍ഷത്തെ ദേശീയ ബജറ്റിന് ബഹ്‌റൈന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഏഴുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ബജറ്റിന് അംഗീകാരം ലഭിച്ചത്. ഈ വര്‍ഷത്തെ വരുമാനമായ 220 കോടി ദിനാറില്‍ 170 കോടി എണ്ണയില്‍ നിന്നുള്ള വരുമാനവും 500 ദശലക്ഷം ദിനാര്‍ എണ്ണയിതര വരുമാനവുമാണ്. അടുത്ത വര്‍ഷത്തേക്കുള്ള വരുമാനം 230 കോടി ദിനാറായിരിക്കും. ഇതില്‍ എണ്ണയില്‍ നിന്നുള്ള വരുമാനം 180 കോടി ദിനാറും എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം 560 ദശലക്ഷം ദിനാറുമാണ്. ചെലവ് കണക്കാക്കുന്നത് 350 കോടി ദിനാറാണ്. അതായത്, രണ്ടുവര്‍ഷത്തേക്കുള്ള ബജറ്റ് കമ്മി 250 കോടി ദിനാര്‍ വരും. എണ്ണ വില ബാരല്‍ ഒന്നിന് 55 ഡോളര്‍ എന്ന നിലയിലാണ് കണക്കാക്കിയിട്ടുള്ളത്.

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വരുമാനം വര്‍ധിപ്പിക്കാനും ചെലവുചുരുക്കാനുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ബജറ്റ് പാര്‍ലമന്റെിന്റെ പരിഗണനക്ക് വിടും. ജീവനക്കാരുടെ ശമ്പളം, ഇന്‍ക്രിമന്റ്, സഹായം ആവശ്യമുള്ളവര്‍ക്കുള്ള സബ്‌സിഡികള്‍, അടിസ്ഥാന സേവനങ്ങള്‍ എന്നീ കാര്യങ്ങളെ പുതിയ ബജറ്റ് ബാധിക്കില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരുമാനം വിവിധ മേഖലകളില്‍ നിന്ന് കണ്ടെത്താന്‍ നടപടിയുണ്ടാകേണ്ടതുണ്ട്. എല്ലാ മന്ത്രാലയങ്ങളും ചെലവ് ചുരുക്കാന്‍ ശ്രദ്ധിക്കണം. മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും വരുമാന വര്‍ധനക്ക് ആവശ്യമായ ബഹുതല നടപടികള്‍ സ്വീകരിക്കണം. വരവും ചെലവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കാന്‍ നടപടി വേണം. ഇത് ബജറ്റിന്റെ ഓരോ പാദത്തിലും പാലിക്കപ്പെടണം. അവരവര്‍ക്ക് അനുവദിക്കപ്പെട്ട തുകയുടെ പരിധിയിലുള്ള പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും നടത്തേണ്ടത്. ഇതിനപ്പുറം പോകുന്ന ബാധ്യതകളുണ്ടാക്കരുത്. വികസന ബോണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് കരട് ബജറ്റ് നിയമത്തിന്റെ ഉപനിയമത്തിന് സഭ അംഗീകാരം നല്‍കി.

ഭരണാധികാരി ഹമദ് രാജാവിന്റെ സൗദി, ഈജിപ്ത് സന്ദര്‍ശനം വിജയകരമായിരുന്നെന്ന് വിലയിരുത്തി. മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകളാണ് സന്ദര്‍ശന വേളയില്‍ നടന്നത്. വികസന വിഷയത്തില്‍, ദുറാസിന്റെയും ചേര്‍ന്നുള്ള ഗ്രാമങ്ങളുടെയും കാര്യത്തില്‍ അടിയന്തര പരിഗണന വേണമെന്നും ഇക്കാര്യത്തില്‍ നഗരവത്കരണ, അടിസ്ഥാന സൗകര്യ വികസന മന്ത്രിതല സമിതി തുടര്‍കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജിസിസി ഏകീകൃത എക്‌സൈസ് നികുതിയും വാറ്റും നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടൂബ്ലി ബെയിലെ ജലശുദ്ധീകരണ പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. ഇതുവഴി ഇവിടുത്തെ ദുര്‍ഗന്ധ പ്രശ്‌നം പരിഹരിക്കാനാകും. വൈദ്യുതി വിതരണമേഖലയുടെ കാര്യക്ഷമത സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ജല വൈദ്യുത മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിക്കും ജീവനക്കാര്‍ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook