മനാമ: തീവ്രാദികള്‍ക്ക് എതിരായി ബഹ്‌റൈനിലെ ദുറാസ് മേഖലയില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 31 പൊലീസുകാര്‍ക്ക് പരുക്കേറ്റു. 286 പേരെ അറസ്റ്റു ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവര്‍ സുരക്ഷാ സംബന്ധിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്നവരും രണ്ടു മാസം മുന്‍പ് ജോ ജയില്‍ ചാടിയവരും ഉള്‍പ്പെടും. ഷിയ പണ്ഡിതനായ ഇസാ ഖാസിമിന്റെ ഭവനത്തില്‍ നിന്നാണ് പൊലീസ് തിരയുന്ന പ്രതികളെ പിടികൂടിയത്. നാടന്‍ ബോംബും ഇരുമ്പുവടികളും കത്തിയുമായാണ് പ്രതികള്‍ പൊലീസിനെ നേരിട്ടത്.

ഇസാ ഖാസിമിനെ നാലു ദിവസം മുന്‍പ് അഴിമതി കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. നിയമ വിരുദ്ധമായി ധനസമാഹരണം നടത്തിയതിന് ഒരുവര്‍ഷം തടവും ഒരു ലക്ഷം ബഹ്‌റൈനി ദിനാര്‍ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ജൂണില്‍ ഇസാ ഖാസിമിന്റെ പൗരത്വം ബഹ്‌റൈന്‍ റദ്ദാക്കിയിരുന്നു.

നിയമ വാഴ്ചയും ജനങ്ങളുടെ ജീവിതവും ഉറപ്പു വരുത്താനാണു പ്രദേശത്ത് പൊലീസിനെ വിന്യസിച്ചത്. ഈ പ്രദേശത്തേക്കു നുഴഞ്ഞ കയറിയ ക്രിമിനലുകളില്‍നിന്നും പ്രദേശവാസികളെ സംരക്ഷിക്കാനുള്ള സുരക്ഷാ പ്രക്രിയയുടെ ഭാഗമായിരുന്നു റെയ്‌ഡെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങളും സുഗമമായ യാത്രയും തടസപ്പെടുത്താന്‍ റോഡില്‍ അക്രമികള്‍ സൃഷ്ടിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്തതായും മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി പ്രദേശത്ത് പൊലിസ് വിന്യാസം തുടരുമെന്നും അറിയിച്ചു.

ചൊവ്വാഴ്ച ദുറാസില്‍ തീവ്രവാദികള്‍ക്കെതിരായി നടന്ന സുരക്ഷ നടപടിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് അല്‍ ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 31ആയെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവരില്‍ എട്ടുപേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസത്തെ നടപടിയില്‍ 286പേരെയാണ് അറസ്റ്റുചെയ്തത്. ഇതില്‍ കോടതി വിധിക്കുശേഷം ഒളിവില്‍ കഴിയുന്നവരും പെടും.

കഴിഞ്ഞ ദിവസം ശൈഖ് ഈസ ഖാസിമിനെതിരെ കോടതി വിധി വന്നശേഷമാണ് ഇദ്ദേഹത്തിന്റെ വീടിനുചുറ്റും തമ്പടിച്ചവരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കേന്ദ്രമായി ഈ മേഖല മാറിയതിനെ തുടര്‍ന്നാണ് ശക്തമായ നടപടി സ്വീകരിച്ചതെന്ന് മേജര്‍ ജന. അല്‍ ഹസന്‍ പറഞ്ഞു. ഇത് നേരത്തെ പല തവണ മാറ്റിവെച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം അറബ് പാര്‍ലമന്റെ് പിന്തുണച്ചിരുന്നു. ഈ വിഷയത്തില്‍ പൊലീസ് മതിയായ നടപടി സ്വീകരിച്ചതായാണ് കരുതുന്നതെന്ന് ഗുദൈബിയയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കര്‍ ഡോ. മെശാല്‍ അല്‍ സുലമി പറഞ്ഞു. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരവും, നിയപരവും, മനുഷ്യാവകാശപരവുമായ വശങ്ങള്‍ വിലയിരുത്തുകയും ഏറ്റവും മികച്ച രീതിയിലാണ് പൊലീസ് നടപടിയുണ്ടായതെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. നടപടിയുണ്ടായ മേഖല ഭീകരതയുടെയും വിഘടനവാദത്തിന്റെയും കേന്ദ്രമായി മാറിയിരുന്നു. ഈ ഘട്ടത്തില്‍ നടപടി അനിവാര്യമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ കേസുകളില്‍ കഴിഞ്ഞ ജൂണില്‍ ശൈഖ് ഖാസിമിന്റെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ