മനാമ: ബഹ്‌റൈനില്‍ മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം കടുത്ത പ്രതിസന്ധിയില്‍. 45 ഓളം മൃഗങ്ങളെ സംരക്ഷിക്കുന്ന ദേറിലെ കേന്ദ്രത്തില്‍ മൃഗങ്ങള്‍ക്കു കൃത്യമായി ഭക്ഷണം നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണു പ്രശ്‌നത്തിനു കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കേന്ദ്രം കഴിഞ്ഞ കുറേ മാസങ്ങളായി കടന്നു പോകുന്നതെന്നു നടത്തിപ്പുകാരനായ വിദേശി ടോണി വാട്ടര്‍ പറയുന്നു.

സ്ഥാപനത്തിനു സാമ്പത്തിക സഹായം നല്‍കിയിരുന്ന പലരും അവധി ആഘോഷങ്ങള്‍ക്കായി പോയതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു ‘ടോണി ദ ഡോഗ് ഫാദര്‍’ എന്നറിയപ്പെടുന്ന ഇദ്ദേഹം പറയുന്നു. പലരും അവധി ആഘോഷത്തിലായതിനാല്‍ സാമ്പത്തിക സമാഹരണ നടപടികളൊന്നും നടക്കുന്നില്ല. എല്ലാ വര്‍ഷവും അവധി കാലത്ത് ഈ കേന്ദ്രം അതിജീവനത്തിനു പാടുപെടുക പതിവാണ്. റമസാന്‍ തുടങ്ങുന്നതു മുതല്‍ പിന്നീട് ഈദ് അവധിയും വേനല്‍ അവധിയുമെല്ലാം വന്നു ചേരുന്നു. ഇതോടെ സാമ്പത്തിക സമാഹരണം അസാധ്യമാകും. ഈ സാഹചര്യത്തില്‍ ചിലരില്‍ നിന്നു നേരിട്ടു സഹായം അഭ്യര്‍ഥിക്കുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം ഈ കേന്ദ്രം നടത്തിക്കൊണ്ടു പോകുന്നതിന് 5000 ദിനാര്‍ വേണ്ടി വരുമെത്രെ.

450 മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ 35 എണ്ണത്തോളം അംഗവൈകല്യം ബാധിച്ചവയാണ്. ഇവ നല്ല ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവയുമാണ്. ഈ സ്ഥാപനത്തിനു പണമായോ ഭക്ഷണമായോ സഹായം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. മൃഗ സ്‌നേഹിയായ വാട്ടര്‍, കരള്‍ രോഗ ബാധയെ തുടര്‍ന്നു ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ ചികില്‍സക്കായി മകള്‍ സാറ ഓണ്‍ലൈനില്‍ സാമ്പത്തിക സമാഹരണത്തിനു ശ്രമിക്കുന്നുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തിനാണു താന്‍ മുന്‍ഗണന നല്‍കുന്നതെന്നും മറ്റൊന്നും തന്നെ അലട്ടുന്ന വിഷയമല്ലെന്നും അദ്ദേഹം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook