മനാമ: ബഹ്‌റൈനില്‍ 2017 രണ്ടാം പാദത്തില്‍ വാഹനാപകടങ്ങളില്‍ ആകെ 13 പേര്‍ മരിച്ചതായി കണക്ക്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി 288 റോഡപകടങ്ങള്‍ സംഭവിച്ചു. ഈ അപകടങ്ങളിലാണ് 13 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത്. 97 പേര്‍ക്ക് ഗുരുതരമായ അപകടങ്ങള്‍ പറ്റി 172 പേര്‍ നിസ്സാര അപകടങ്ങളോടെ രക്ഷപ്പെട്ടു.

മൂന്നു മാസത്തിനുള്ളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ്. ഏപ്രിലില്‍ 108, മെയില്‍ 94, ജൂണില്‍ 80 എന്നിങ്ങനെയാണ് അപകടങ്ങള്‍ സംഭവിച്ചത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായതെന്നു ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസത്തിനകം രാജ്യത്ത് റജിസ്റ്റര്‍ ചെയ്തത് 6,002 വാഹനങ്ങളാണ്. ഇതോടെ രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 6,64,749 ല്‍ നിന്ന് 6,70,748 ആയി ഉയര്‍ന്നു.

ഗതാഗത നിയമ ലംഘനങ്ങള്‍ കുറച്ചുവരുന്നതിന് ഡയറക്ടറേറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്നു നടപ്പാക്കിയ പുതിയ നടപടികള്‍ ഫലപ്രദമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ നടപടികള്‍ ശക്തമാക്കുമ്പോള്‍ തന്നെ രാജ്യത്തെ വിവിധ ഹൈവേകളില്‍ വേഗ പരിധി പുനര്‍ നിര്‍ണയിച്ചതും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതും ഗുണകരമായെന്നും റിപ്പോര്‍ട്ടു പറയുന്നു. ട്രാഫിക് കുറ്റകൃത്യങ്ങളില്‍ 75 ശതമാനത്തിന്റെ കുറവു വന്നതായി ട്രാഫിക് കള്‍ച്ചര്‍ ഡയറക്ടര്‍ ലഫ്. കേണല്‍ ഒസാമ ബഹര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ