മനാമ: ബഹ്‌റൈനില്‍ വിദ്യാർഥികള്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 10 സ്വകാര്യ സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ വിദ്യാഭ്യാസമന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കി. 2017-2018 അധ്യയന വര്‍ഷത്തേക്കാണ് റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. നിയമലംഘനങ്ങള്‍ തിരുത്തുന്ന മുറക്ക് ഇവര്‍ക്ക് റജിസ്‌ട്രേഷന്‍ വീണ്ടും നല്‍കും.

മന്ത്രാലയം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ അതു കണക്കിലെടുക്കുകയോ, പ്രതികരിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരിക്കുക, മന്ത്രാലയത്തിന്റെ അനുമതി കൂടാതെ പുതിയ കെട്ടിടം നിര്‍മ്മിക്കുക, മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത വിഷയങ്ങള്‍ പഠിപ്പിക്കുക തുടങ്ങിയ ഗൗരവമായ ലംഘനങ്ങളാണ് സ്‌കൂളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനം നടത്തിയതിന്റെ പേരില്‍ അല്‍മവാഹിബ് ആൻഡ് ചില്‍ഡ്രന്‍സ് സ്‌കൂള്‍ മനാമ, ഇന്റര്‍നാഷനല്‍ സിറ്റി സ്‌കൂള്‍ ഹിദ്ദ്, സെഗയ്യ, ജനൂസാന്‍ എന്നിവടങ്ങളിലെ ന്യൂ ഹൊറൈസന്‍ സ്‌കൂള്‍, ബംഗ്ലാദേശ് സ്‌കൂള്‍ മനാമ, ഈസ്‌റ്റേണ്‍ സ്‌കൂള്‍ മനാമ, സേക്രട്ട് ഹാര്‍ട് സ്‌കൂള്‍ മനാമ, അല്‍ഫജ്ര് സ്‌കൂള്‍ ബുദയ്യ, കാപിറ്റല്‍ സ്‌കൂള്‍ മനാമ, ക്രിയേറ്റിവിറ്റി സ്‌കൂള്‍ ജനബിയ്യ എന്നീ സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതുതായി പ്രവേശനത്തിനു മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. നേരത്തെ ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇതിന്റെ പിന്നാലെയാണ് 10 സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കിയത്.

വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ നിയമലംഘനം ഒഴിവാക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവസരങ്ങള്‍ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണ് നടപടി. അതേസമയം, സ്‌കൂളുകള്‍ പെട്ടെന്ന് അടച്ചിട്ടാല്‍ തങ്ങളുടെ കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ