റിയാദ്​: റിയാദ്​ ഇന്ത്യൻ ബാഡ്​മിന്റൻ ക്ലബ്ബിന്റെ ഒന്നാം റിയാദ്​ ഓപ്പൺ ബാഡ്​മിന്റൻ ടൂർണമെന്റിന്​ വ്യാഴാഴ്​ച തുടക്കമാകും. റിയാദ്​ എക്​സിറ്റ്​ 17 നഹ്​ദ റോഡ്​ ഇന്റർസെക്ഷനിലെ ഇൻഡോർ ബാഡ്​മിന്റൻ കോർട്ടിൽ ശനിയാഴ്​ച വരെ നടക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഇന്ത്യ, ഫിലിപ്പീൻസ്​, മലേഷ്യ, ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ മൂന്നുദിവസം നീണ്ടുനിൽക്കുന്ന മൽസരങ്ങളിൽ മാറ്റുരക്കും.

ടൂർണമെന്റിന്റെ ഔപചാരിക ഉദ്​ഘാടനം വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചിന്​ ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ ഡോ.സുഹൈൽ ഇജാസ്​ ഖാൻ നിർവഹിക്കും. സൗദി അറേബ്യൻ ബാഡ്​മിന്റൻ കമ്മിറ്റി ജനറൽ സെക്രട്ടറി അലിയാൻ അൽഹർബി ചടങ്ങിൽ പ​ങ്കെടുക്കും. കളിക്കാരുടെ നിലവാരം അനുസരിച്ച്​ വിവിധ വിഭാഗങ്ങളായി തിരിച്ചുനടക്കുന്ന മൽസരങ്ങൾ ബാഡ്​മിന്റൻ വേൾഡ്​ ഫെഡറേഷൻ അംഗീകരിച്ച ടൂർണമെന്റ്​ സോഫ്​റ്റ്​വെയർ ഉപയോഗിച്ചാണ്​ നിയന്ത്രിക്കുന്നത്​.

പ്രീമിയർ, സിംഗിൾസ്​, ഡബിൾസ്​, ചാമ്പ്യൻഷിപ്പ്​, കിഡ്​സ്​ അണ്ടർ 17, അണ്ടർ 13 എന്നീ ലെവലുകളിലാണ്​ മൽസരം. 15,000 റിയാലിന്റെ കാഷ്​ പ്രൈസും ട്രോഫികളും സമ്മാനിക്കും. ഒരു വർഷം മുമ്പാണ്​ റിയാദിൽ ക്ലബ്​ രൂപവത്​കരിച്ചതെന്ന്​ സംഘാടകർ പറഞ്ഞു. രാവിലെ ആറ്​ മുതൽ ഒമ്പത്​ വരെയും വൈകീട്ട്​ നാല്​ മുതൽ രാത്രി 11 വരെയും എല്ലാ ദിവസങ്ങളിലും ബാഡ്​മിന്റൻ കളി പ്രാക്​ടീസ്​ ചെയ്യാൻ അംഗങ്ങൾക്ക് അവസരം നൽകുന്നുണ്ട്​. വെള്ളി, ശനി ദിവസങ്ങളിൽ കുട്ടികൾക്ക്​ പ്രഫഷനൽ ബാഡ്​മിന്റൻ കോച്ചിങ്​ നൽകുന്ന അക്കാദമിയും ഇതോട്​ അനുബന്ധിച്ച്​ പ്രവർത്തിക്കുന്നു. ക്ലബിൽ ചേരാനും അക്കാദമിയിൽ കുട്ടികളെ ചേർക്കാനും താൽപര്യമുള്ളവർക്ക്​ 0533215046, 0509286820 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ രാജീവ്​ മൂലയി, സലാഹുദ്ദീൻ, മഖ്​ബൂൽ മണലൊടി, ഇല്യാസ്​ റോക്ക, അൻവർ അയ്​ദീദ്​, ആരിഫ്​ കൊടുവള്ളി എന്നിവർ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook