മനാമ: സമൂഹത്തിലെ നിലവിലുള്ള പൊതുബോധം എങ്ങിനെ സിനിമയില്‍ കടന്നു വരുന്നോ അതുപോലെ സമൂഹത്തിലെ മോശം പ്രവണതകളുടെ ഒരു ഭാഗം സിനിമ മേഖലയിലേക്കും കടന്നുവരുമെന്ന് സംവിധായകന്‍ ജിബി ജേക്കബ്. മോഹന്‍ലാല്‍ നായകനായ ‘മുന്തിരി വള്ളികള്‍ തളിര്‍ത്തപ്പോള്‍’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ നടിക്കുനേരെയുണ്ടായ അതിക്രമം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

കേരളത്തില്‍ സ്ത്രീവിരുദ്ധമായ ബോധം സൃഷ്ടിക്കുന്നതില്‍ സിനിമകള്‍ പങ്കുവഹിച്ചു എന്നു കരുതുന്നില്ല. സമൂഹത്തിന്റെ പ്രതിഫലനമായി സിനിമകള്‍ മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ നിലവിലുള്ള പൊതു ബോധം സിനിമയില്‍ കടന്നു വരും. എല്ലാ കാലത്തും മലയാള സിനിമ അങ്ങിനെയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമയില്‍ സ്ത്രീ വിരുദ്ധ മനോഭാവത്തിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നല്ല തിരക്കഥ ഉണ്ടാവുന്നില്ലെന്നതാണ് മലയാള സിനിമ ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ജിബി ജേക്കബ് പറഞ്ഞു. തിരക്കഥയാണു സിനിമയുടെ നട്ടെല്ല്. തിരക്കഥയ്ക്കു പ്രാധാന്യമില്ലാതെ സംവിധാനത്തിന്റെ മേന്‍മകൊണ്ടു വിജയിക്കുന്ന സിനിമകള്‍ ധാരാളം ഉണ്ടാവാം. എന്നാല്‍ താന്‍ തിരക്കഥ അടിസ്ഥാനമാക്കിയുള്ള സിനിമയെയാണ് ഇഷ്ടപ്പെടുന്നത്.

സംവിധായകന്‍ ജിബി ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍

സന്ത്യന്‍ അന്തിക്കാട് പ്രതിനിധീകരിച്ച ഒരു സിനിമാ സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണെന്നു താനെന്നു പറയുന്നതില്‍ അഭിമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഛായാഗ്രഹണ രംഗത്തുനിന്നു സംവിധായകനായി വന്നതിനാല്‍ അതിന്റേതായ മേന്‍മകളുണ്ട്. ക്യാമറയുമായി എളുപ്പം സംവദിക്കാന്‍ കഴിയുമെന്നതു സംവിധാനത്തില്‍ ഏറെ ഗുണകരമായിട്ടുണ്ട്. മോഹന്‍ലാലിനെ പോലെ ഒരു നടനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്നു സങ്കല്‍പ്പിച്ചിട്ടുപോലുമില്ലായിരുന്നു. വെള്ളിമൂങ്ങ എന്ന സിനിമ തനിക്ക് നല്‍കിയ അംഗീകാരമാണ് മുന്തിരി വള്ളികള്‍ പൂക്കുമ്പോള്‍ എന്ന സിനിമയക്കു വഴിതുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സിനിമയുടെ ശബ്ദവും സാങ്കേതിക മികവും അനുഭവിക്കാന്‍ കഴിയുന്ന തരത്തിലേക്കു തിയേറ്ററുകള്‍ മാറേണ്ടതുണ്ട്. തന്റെ സിനിമയിലെ തന്നെ യഥാര്‍ത്ഥ ശബ്ദ സംവിിധാനം തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് ദുബായില്‍വെച്ച് ആ സിനിമ കണ്ടപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. ആ നിലക്കെല്ലെങ്കിലും കേരളത്തില്‍ തിയേറ്ററുകള്‍ ആധുനികവത്ക്കരിക്കപ്പെടുന്നുണ്ട്. തിയേറ്ററുകള്‍ അടച്ചുപൂട്ടിയിരുന്ന കാലത്തുനിന്നു അത് നവീകരിക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിമറിയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന സിനിമ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഛായാഗ്രാഹകന്‍ പ്രമോദ് കെ. പിള്ളയും ചടങ്ങിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook