മനാമ: ഇന്ത്യയില്‍നിന്നടക്കം അറുപതോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന രണ്ടാമത് സമകാലീന കലാ പ്രദര്‍ശനത്തിനു ബഹ്‌റൈനില്‍ തുടക്കമായി. എക്‌സിബിഷന്‍ ആൻഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഹ്‌റൈന്‍ ആര്‍ട് എക്രോസ് ബോര്‍ഡര്‍ (ആര്‍ട്ബാബ് 2017) എന്ന പേരിലാണ് പ്രദര്‍ശനം. കലാകാരന്‍മാരുടെയും കലാ സംഘങ്ങളുടെയും സൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ട്.

രാജപത്‌നിയും വനിത സുപ്രീം കൗണ്‍സില്‍ അധ്യക്ഷയുമായ പ്രിന്‍സസ് സബീക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫയുതേടക്കം 36 ബഹ്‌റൈനി ആര്‍ടിസ്റ്റുകളുടെ കലാ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഇതിനുപുറമെ, മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കലകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍. ഒമാനില്‍ നിന്നും ഡെന്‍മാര്‍ക്കില്‍ നിന്നുമുള്ള 11പേരുടെയും, ഫ്രഞ്ച് ഗാലറിയും ഇന്ത്യയില്‍ നിന്നുള്ള സംഘത്തിന്റെയും സിറിയ, എസ്‌റ്റോണിയ, യുക്രെയ്ന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെയും സൃഷ്ടികളാണ് ഈ മേഖലകളെ പ്രതിനിധീകരിച്ചുള്ളത്. 32 സ്‌ക്രീനുകളിലായുള്ള ഫ്‌ലോട്ടിങ് വേള്‍ഡ്’ എന്ന വീഡിയോ പ്രദര്‍ശനവും പരിപാടിയുടെ ആകര്‍ഷണമാണ്.

ഇന്ത്യയില്‍നിന്നും മുംബൈയിലെ പ്രൊജക്ട് 88, അഹമ്മദാബാദിലെ സമാറ ആര്‍ട് ഗാലറി എന്നീ ആര്‍ട് ഗാലറികളാണ് പ്രദര്‍ശനത്തിലുള്ളത്. ഇതിനുപുറമേ ഇന്ത്യന്‍ ആര്‍ടിസ്റ്റ് റൂബിള്‍ നാഗി, ബാനു പാലം എന്നിവര്‍ അവരവരുടെ സൃഷ്ടികളുമായും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.

പ്രിന്‍സസ് സബീക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. മേഖലിലെ പ്രധാന ടൂറിസം കേന്ദ്രമായി ബഹ്‌റൈനെ മാറ്റുന്നതില്‍ ഇത്തരം കലാസാംസ്‌കാരിക പരിപാടികള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്ന് അവര്‍ പറഞ്ഞു. ഹമദ് രാജാവിന്റെ ഭരണകാലത്ത് സാംസ്‌കാരിക മേഖലയില്‍ രാജ്യത്തിന് വന്‍കുതിപ്പാണുണ്ടായത്. ബഹ്‌റൈന്‍ കലാലോകത്തന്റെ വികാസത്തിനും പ്രാദേശിക കലാകാരന്‍മാരുടെ വളര്‍ച്ചക്കും ഇത്തരം പരിപാടികള്‍ കാരണമാകും. കാലത്തിനനുസൃതമായുള്ള വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ഇതിനായി സാധ്യമായ എല്ലാ സാങ്കേതിക മികവുകളും നേടണം. കലാപരമായി വലിയ ചരിത്രമുള്ള നാടാണ് ബഹ്‌റൈന്‍. ബഹ്‌റൈനി കലാകാരന്‍മാരുടെ രചനകളില്‍ ഈ മികവ് പ്രകടമാണെന്നും അവര്‍ പറഞ്ഞു.

തംകീന്‍ സഹായത്തോടെ പ്രാദേശിക കലാകാരന്‍മാര്‍ക്കു പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം ഈ മാസം 26 വരെ നീളും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ