റിയാദ്: ഇന്ത്യൻ സിനിമ പ്രേമികൾക്ക് ആവേശമുണർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ നിന്നും പുറത്തുവരുന്നത്.
അടുത്ത ദിവസങ്ങളിൽ തന്നെ മലയാള ചിത്രവും റിയാദിലെ വോക്‌സ് സിനിമയിൽ റിലീസാകും. ആസിഫ് അലി നായകനാകുന്ന നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന ‘ബി ടെക് ‘ എന്ന സിനിമയായിരിക്കും സൗദിയിലെ ആദ്യ മലയാള സിനിമ. അപർണ്ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ജൂൺ 14 ന് റിലീസാകുന്ന ആ ചിത്രത്തിനായി കാത്തിരിക്കുകയാണ് റിയാദിലെ മലയാളം സിനിമാ പ്രേമികൾ.

ഈദിന് മലയാള സിനിമയെത്തുന്നുവെന്നത് സൗദിയിലെ മലയാളികൾക്ക് ഏറെ സന്തോഷം പകരുന്നതായി മാറി.  നാട്ടിലെന്നത് പോലെ ആഘോഷങ്ങൾക്കൊപ്പം തിയറ്ററിൽ പോയി മലയാള സിനിമ കാണാനുളള​ അവസരം സൗദിയിലും ലഭിക്കുകയാണ്.

ആദ്യമായി സൗദിയിൽ റിലീസ് ചെയ്യുന്ന ഇന്ത്യൻ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയാണ് ദളപതി എന്നറിയപ്പെടുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രം കാല റിയാദിലെ വോക്സ് സിനിമാസിൽ ഇന്നലെ റിലീസ് ആയത്. രജനീകാന്തിന്റെ കഴിഞ്ഞ സൂപ്പർ ഹിറ്റ് ചിത്രമായ കബാലിയുടെ സംവിധായകൻ പാ രഞ്ജിത്ത് തന്നെയാണ് കാലയുടെയും സംവിധായകൻ. റിലീസായി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ശനിയാഴ്ച വരെയുള്ള മുഴുവൻ പ്രദർശനങ്ങളും ഹൗസ് ഫുൾ ആയി . ഇപ്പോൾ ഓൺലൈനിൽ ടിക്കറ്റുകൾ ലഭ്യമല്ല. നിരാശരായ സിനിമ പ്രേമികൾ അടുത്ത ദിവസങ്ങളിലെ ടിക്കറ്റുകൾക്കായി നിരന്തരം വോക്‌സ് സിനിമയുടെ സൗദി വെബ്‌സൈറ്റിൽ സന്ദർശിക്കുന്നതിനാൽ പലപ്പോഴും വെബ്‌സൈറ്റിന്റെ പ്രവർത്തനം തന്നെ തടസപ്പെടുന്ന അവസ്ഥ ആണ് ഉള്ളത്.

മൂന്നര പതിറ്റാണ്ടിന് ശേഷം പുതു ചരിത്രം രചിച്ച് ഏപ്രിലിലാണ് സൗദി അറേബ്യ തിയറ്ററിലേക്ക് വീണ്ടും തിരശീലനീക്കിയത്. റയാന്‍ കൂഗ്ലർ സംവിധാനം ചെയ്ത് ചാട്വിക് ബോസ്മാൻ ബ്ലാക്ക് പാന്തറായി വേഷമിടുന്ന ‘ബ്ലാക്ക് പാന്തര്‍’ ആയിരിന്നു 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യചിത്രം.

വാർത്ത : സിജിൻ കൂവള്ളൂർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ