മനാമ: ബഹ്‌റൈനില്‍ കാറുകളുടെ അനധികൃത വില്‍പനയ്ക്ക് കടിഞ്ഞാണിടാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓക്ഷന്‍ സെന്റര്‍ തുറക്കാന്‍ ക്യാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. മുന്‍സിപ്പാലിറ്റി നഗര ആസൂത്രണ മന്ത്രാലയം പദ്ധതിക്കുള്ള അംഗീകാരം നല്‍കി. കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഒന്നര വര്‍ഷത്തിനുള്ളില്‍ ടുബ്ലിയില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പദ്ധതിക്കാണ് ടുബ്ലി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയ്ക്ക് സമീപം രൂപകല്‍പ്പന ചെയ്യുന്നതെന്ന് ക്യാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മാസിന്‍ അഹമ്മദ് അല്‍ ഉമ്രാന്‍ അറിയിച്ചു.

പൊതു ഇടങ്ങളിലും നിരത്തുകളിലും വില്‍പന സ്റ്റിക്കറും പതിച്ച് കാറുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് ഏറെ കാലമായി കണ്ടു വരുന്നുണ്ട്. ഉപഭോക്താക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവൃത്തിയെങ്കിലും അത് നിയമലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തടയുകയാണ് പ്രധാന ലക്ഷ്യം. ഓക്ഷന്‍ സെന്റര്‍ വഴിയുള്ള വ്യാപാരം കാര്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും നിലവിലുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വില്പനയ്ക്ക് മുന്‍പ് കാറുകള്‍ പരിശോധിച്ച് കണ്ടീഷന്‍ ഉറപ്പുവരുത്തിയ ശേഷമാകും ഉപഭോക്താക്കള്‍ക്ക് കൈമാറുക.

പഴയ കാലത്തെ സെക്കന്റ് ഹാന്‍ഡ് കാറുകളും ഇവിടെ വില്‍ക്കാനാകും. രാജ്യത്തെ പ്രധാന കാര്‍ കമ്പനികളെയും ഈ കേന്ദ്രത്തില്‍ ഓഫീസില്‍ തുറക്കാനായി ക്ഷണിക്കും. അവര്‍ക്ക് ഒന്നുകില്‍ നിശ്ചിത നിരക്കില്‍ അല്ലെങ്കില്‍ ലേലത്തില്‍ അവരുടെ വാഹനങ്ങള്‍ വില്‍ക്കാനുള്ള സജ്ജീകരങ്ങളും ഓക്ഷന്‍ സെന്റില്‍ ഒരുക്കും. വിപണിയില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും വിലപേശലുകളും കേന്ദ്രത്തിലും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു പദ്ധതി ദുബായില്‍ നടപ്പാക്കിയിട്ടുണ്ട്. അതേ രൂപത്തില്‍ ഇവിടെയും പദ്ധതി നടപ്പാക്കാനാണ് ആലോചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ