റിയാദ്: ഭൂമിയിലെ മാലാഖമാർ എന്ന് നഴ്സുമാരെ ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട് എന്നാൽ ആ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് അസ്റാർ അബു റാസിൻ എന്ന സൗദി നഴ്സ്. തിരമാലയിൽപെട്ട രണ്ടു കുട്ടികളെ കടലിലിറങ്ങി രക്ഷിക്കുകയും അവരെ ഉടൻ ആശുപത്രിയെലെത്തിച്ച് ജീവൻ രക്ഷിക്കുകയുമാണ് അസ്റാർ ചെയ്തത്.
സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സായി ജോലി ചെയ്യുകയാണ് അസ്റാർ. ഏതാനും ദിവസം മുൻപ് സൗദി അറേബ്യയുടെ കിഴക്കൻ നഗരമായ ജിസാനിലെ ബിഷ് കടലോരത്ത് കുടുംബത്തോടൊപ്പം നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അവർ കടലിൽ മുങ്ങിത്താഴുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്.
Read More: സൗദിയിൽ ശൈത്യകാല കാർഷിക ചന്ത: ഉത്സവ പ്രതീതിയിൽ ദരിയ്യ നഗരം
കടലോരത്ത് നടക്കുന്നതിനിടെയാണ് രണ്ട് കുട്ടികൾ തിരമാലയിൽ പെട്ടത് അസ്റാറിന്റെ ശ്രദ്ധയിൽ പെട്ടത്. മറിച്ചൊന്നും ചിന്തിക്കാതെ അസ്റാർ കടലിലേക്കിറങ്ങി. അഞ്ചും ആറും വയസുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി. പ്രാഥമിക ജീവൻ രക്ഷാ പരിചരണം നൽകി ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു അവരെ സുരക്ഷിതരാക്കി.
“ആരോഗ്യപ്രവർത്തകയെന്ന നിലയിലും ഒരു പെൺകുട്ടിയുടെ മാതാവെന്ന നിലയിലും ഞാൻ എന്റെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. സമയമോ സ്ഥലമോ നഴ്സിങ് ജോലി സംബന്ധിച്ച് ഒരു പരിമിതിയല്ല. അടിയന്തിരഘട്ടത്തിൽ സഹായം സഹായം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല,” അസ്റാർ പറഞ്ഞു.
Read More: സൗദിയില്‍ കോവിഡ് കാര്‍മേഘം നീങ്ങുന്നു; ശുഭപ്രതീക്ഷയില്‍ സംരംഭകര്‍
തങ്ങളുടെ മക്കളെ ജീവൻ രക്ഷിച്ച ധീര വനിതയാണ് അസ്റാർ എന്നും അവരോട് എന്നും കടപ്പെട്ടിരിക്കുമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.
വാർത്ത പുറത്ത് വന്നതോടെ അസ്റാറിന്റെ സഹാസിക ഇടപെടലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ ഒഴുകി. അസ്റാറിന് അഭിനന്ദനവും നനന്ദിയും അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റും ചെയ്തു. അസീർ പ്രവിശ്യ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഖാലിദ് ബിൻ ആയിദ് അൽ അസീരി അസ്റക്ക് സമ്മാനങ്ങളും പുരസ്കാരവും നൽകി. സൗദി ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബീഅക്ക് വേണ്ടി നന്ദിയറിയിക്കുകയും ചെയ്തു.