ദുബൈ: ലോകത്തെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിങ് ദുബായിയിൽ ലേലം നടത്തി വിറ്റു. 62 മില്യൺ യുഎസ് ഡോളറിനാണ് (ഏകദേശം 459 കോടി രൂപ) പെയിന്റിങ് ലേലത്തിൽ വിറ്റത്. ജീവിച്ചിരിക്കുന്ന ഒരു കലാകാരന്റെ, ലേലത്തിൽ വിൽക്കുന്ന ഏറ്റവും വിലപിടിച്ച രണ്ടാമത്തെ പെയിന്റിങ്ങാണിത്.
ബ്രിട്ടീഷ് കലാകാരനായാ സച്ചാ ജഫ്രിയുടെ “ദി ജേർണി ഓഫ് ഹ്യൂമാനിറ്റി” എന്ന പെയിന്റിങ്ങാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഈ ഏറ്റവും വലിയ ക്യാൻവാസ്. ദുബായിയിലെ അറ്റ്ലാന്റിസ് ഹോട്ടലിന്റെ ബോൾറൂം ഫ്ലോറിൽ കോവിഡ് മഹാമാരിയുടെ കാലത്ത് ഏഴു മാസം കൊണ്ട് തീർത്ത ചിത്രം 70 സ്ലോട്ടുകളായി തിരിച്ചാണ് വില്പനയ്ക്ക് വച്ചത്. ദുബായിയിൽ താമസിക്കുന്ന ഫ്രഞ്ച് വംശജനായ ആന്ദ്രേ അബ്ദൂന്നാണ് ഇവ സ്വന്തമാക്കിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങളായി പണം സ്വരൂപിക്കാനായി 30 മില്യൺ ഡോളറിനാണ് (ഏകദേശം 222 കോടി രൂപ) 1800 ചതുരശ്ര മീറ്റർ വരുന്ന ക്യാൻവാസ് ജഫ്രി വില്പനയ്ക്ക് വച്ചത്.ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ബിസിനസ് ചെയുന്ന ആന്ദ്രേ, ക്യാൻവാസ് മുഴുവനായി ലേലത്തിൽ വാങ്ങുകയായിരുന്നു.
View this post on Instagram
ജീവകാരുണ്യപ്രവർത്തനത്തിന് ദുബായിയിൽ തന്നെ വച്ച് കൂടുതൽ പണം കണ്ടെത്താനുള്ള ഒരു “രണ്ടാം ശ്രമ”മാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ആന്ദ്രേ പറഞ്ഞു. “ലോകം മുഴുവനുള്ള കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തി മനുഷ്യത്വത്തെ ഊട്ടിഉറപ്പിക്കാനാണ് താൻ ശ്രമിക്കുന്നത്,” 140 ഓളം രാജ്യങ്ങളിലെ കുട്ടികളുടെ ചിത്രങ്ങൾ തൻറെ പെയിന്റിങ്ങിൽ ഉൾപ്പെടുത്തി പെയിന്റിങ് തയ്യാറാക്കിയ ജഫ്രിയും പറഞ്ഞു.
യൂണിസെഫ്, യുനെസ്കോ, ഗ്ലോബൽ ഗിഫ്റ്റ് ഫൗണ്ടേഷൻ, ദുബായ് കെയെർസ് എന്നീ സംഘടനകൾക്കാണ് ഇതിൽ നിന്ന് ലഭിച്ച തുക നൽകുകയെന്നും ജഫ്രി പറഞ്ഞു.
Also Read: ദുബായിൽ റമദാൻ മാസത്തിലേക്കുള്ള കോവിഡ് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു
കോവിഡ് ലോക്ക്ഡൗൺ സമയത്ത് യൂഏയിൽ അകപ്പെട്ട സമയത്താണ് പെയിന്റിങ് ആരംഭിച്ചത്. 6300 ലിറ്റർ പെയിന്റും 1065 പെയിന്റ് ബ്രഷുകളും ജഫ്രി ഇതിനായി ഉപയോഗിച്ചു.
2018 ൽ 90 .3 മില്യൺ ഡോളറിനു (ഏകദേശം 459 കോടി രൂപ) ലേലത്തിൽ വിറ്റ ഡേവിഡ് ഹോക്ക്നിയുടെ പോർട്രെയ്റ്റ് ഓഫ് ആൻ ആർട്ടിസ്റ്റ് എന്ന പെയിന്റിങ്ങാണ് ജീവിച്ചിരിക്കുന്ന ഒരു കലാകാരൻറ്റെ ലേലത്തിൽ വിറ്റ ഏറ്റവും വിലകൂടിയ പെയിന്റിങ്. കഴിഞ്ഞ മാർച്ചിൽ 70 മില്യൺ (ഏകദേശം 518 കോടി രൂപ) വില വരുന്ന ഒരു ഡിജിറ്റൽ പെയിന്റിംഗ് ആദ്യമായി ലേലത്തിലൂടെ വിറ്റിരുന്നു.