scorecardresearch

അമേരിക്കന്‍ യുദ്ധ വിമാനം ഇടിച്ചിറക്കി; ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് രണ്ടു മണിക്കൂറോളം അടച്ചിട്ടു, നിരവധി വിമാനങ്ങള്‍ വൈകി

എയര്‍പോര്‍ട്ടിനകത്തു സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയില്‍ ആവുന്നതു വരെ വിവിധ വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു.

അമേരിക്കന്‍ യുദ്ധ വിമാനം ഇടിച്ചിറക്കി; ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് രണ്ടു മണിക്കൂറോളം അടച്ചിട്ടു, നിരവധി വിമാനങ്ങള്‍ വൈകി
 മനാമ: പരിശീലന പറക്കലിനിടെ യന്ത്ര തകരാര്‍ കണ്ട അമേരിക്കന്‍ യുദ്ധവിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം രണ്ടു മണിക്കൂറോളം അടച്ചിട്ടു. ഇതു കാരണം കോഴിക്കോടുനിന്നുള്ള എയര്‍ ഇന്ത്യയടക്കം നിരവധി വിമാനങ്ങള്‍ വൈകി. വൈകീട്ടോടെയാണ് സര്‍വ്വീസുകള്‍ സാധാരണ നിലയിലായത്.
ശനിയാഴ്ച ഉച്ചക്ക് 12.40 ഓടെയാണ് അമേരിക്കയുടെ എഫ് 18 യുദ്ധവിമാനം അടിയന്തിരമായി ഇടിച്ചിറക്കിയത്. യുഎസ് വിമാന വാഹിനി കപ്പലായ ‘യുഎസ്എസ് നിമിറ്റ്‌സി’ല്‍നിന്നും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പരിശീലന പറക്കലിനായി പറന്നു പൊങ്ങിയ എയര്‍ക്രാഫ്റ്റിന് എന്‍ജിന്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കപ്പല്‍പട വക്താവ് ബില്‍ അര്‍ബന്‍ പറഞ്ഞു. ശൈഖ് ഇസാ എയര്‍ ബേസില്‍ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അതിനു സാധിക്കാതെ വന്നപ്പോള്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ എമര്‍ജന്‍സി ലാന്റിങ്ങിന് അനുമതി തേടി. 30 ാം നമ്പര്‍ റണ്‍വേയില്‍ ഇറങ്ങി എയര്‍ക്രാഫ്റ്റിന് റണ്‍വെ അവസാനിക്കുന്നതിനു തൊട്ടുമുമ്പാണു നിര്‍ത്താനായത്. പൈലറ്റ് സുരക്ഷിതനാണ്.
ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉടനെ അടിയന്തര നടപടികള്‍ കൈക്കൊണ്ടു. സിവില്‍ ഏവിയേഷന്‍ ബ്യൂറോ എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 12.40 മുതല്‍ 2.50  റണ്‍വേ അടച്ചിട്ടു. ക്രാഷ് ലാന്‍ഡിംഗ് ആയിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റണ്‍വേയില്‍ ഇറങ്ങിയ ശേഷം വിമാനം നിര്‍ത്താന്‍ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് അഞ്ചാം കപ്പല്‍പട വക്താവ് അറിയിച്ചു. റണ്‍വേ പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതില്‍ അമേരിക്കന്‍ നാവികസേന സഹകരിച്ചു.  സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
എയര്‍പോര്‍ട്ടിനകത്തു സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയില്‍ ആവുന്നതു വരെ വിവിധ വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു. ഒമ്പതു ഫ്‌ളൈറ്റുകളാണ് ദമാം, ദുബൈ, അബുദബി എയര്‍പോര്‍ട്ടുകളിലേക്കു തിരിച്ചു വിട്ടത്. ഒരു ഫ്‌ളൈറ്റു സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍നിന്നും കോഴിക്കോട് വഴി ബഹ്‌റൈനിലേക്കു വന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനവും ഇതേതുടര്‍ന്ന് വൈകി. ഈ വിമാനത്തിന് ദമാമിലാണ് ഇറങ്ങാനയത്. മടക്കയാത്രയും വൈകിയതായി യാത്രക്കാര്‍ പരാതിപ്പെട്ടു.
ബഹ്‌റൈന്‍ എയര്‍ പോര്‍ട്ടിലെ എല്ലാ ജീവനക്കാര്‍ക്കും  ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനിക്കും സിവില്‍ ഏവിയേഷന്‍ നന്ദി പറഞ്ഞു. ബഹ്‌റൈനില്‍ നിന്ന് ഓപ്പറേഷന്‍ നടത്തുന്ന വിവിധ വിമാന കമ്പനികള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും അധികൃതര്‍ പ്രത്യേകം നന്ദി അറിയിച്ചു.
കുറഞ്ഞ സമയത്തിനുള്ളില്‍ എയര്‍ പോര്‍ട്ട് പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് എല്ലാവരും വലിയ പങ്കു വഹിച്ചതായി സിവില്‍ ഏവിയേഷന്‍ പറഞ്ഞു. വിമാനം ഇടിച്ചിറക്കിയതു വലിയ സംഭവമായി കാണേണ്ടെന്നും അഭിപ്രായപ്പെട്ട താഗത വാര്‍ത്താവിനിമയ മന്ത്രാലയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നു അറിയിച്ചു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Army aircraft crashed bahrain airport closed for a while

Best of Express