മനാമ: അറബിക്കടലില്‍ ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 270 കിലോ ഹെറോയിന്‍ അമേരിക്കന്‍ യുദ്ധക കപ്പലായ യുഎസ്എസ് ലബൂണ്‍ പിടികൂടി. രണ്ടാഴ്ചക്കിടെ അറബിക്കടലില്‍ നടക്കുന്ന രണ്ടാമത്തെ വന്‍ മയക്കുമരുന്നു വേട്ടയാണിത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംശയകരമായ നിലയില്‍ കണ്ട ബോട്ടിനെ ബ്രിട്ടീഷ് റോയല്‍ നേവിയുടെ റോയല്‍ ഫഌറ്റ് ഓക്‌സിലറിയിലെ ഫോര്‍ട്ട് വിക്ടോറിയ എന്ന ഹെലികോപ്റ്റര്‍ പിന്തുടര്‍ന്നിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോട്ട് തടഞ്ഞ് ലബൂണിലെ നാവികര്‍ പരിശോധന നടത്തുകയും ഒളിപ്പിച്ച ഹെറോയിൻ കണ്ടെത്തുകയുമായിരുന്നു.

കഴിഞ്ഞ രണ്ടിന് മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു 800 കിലോ ഹഷീഷ് ഓസ്‌ട്രേലിയുടെ യുദ്ധ കപ്പലായ എച്ച്എംഎഎസ് അരുന്ധ പിടികൂടിയിരുന്നു. കാപ്പിക്കൊപ്പം ഒളിപ്പിച്ചുകടത്തുകയായിരുന്ന മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 36 ദശലക്ഷം ഡോളര്‍ വിലവരും.

ബഹ്‌റൈന്‍ ആസ്ഥാനമായ 31 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലെ സംയുക്ത ദൗത്യസംഘ(സിടിഎഫ് 150)ത്തിലെ അംഗമാണ് യുഎസ്എസ് ലബൂണ്‍. സിടിഎഫ് 150ന്റെ കൂട്ടായ പ്രവര്‍ത്തനത്തെ പ്രശംസിച്ച സംയുക്ത സമുദ്ര സേന കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ കെവിന്‍ ഡോനെഗാന്‍ ഇത്തരം ഇടപെടലുകള്‍ ഹീനമായ മാറഗങ്ങളിലുടെ അന്താരാഷ്ട്ര ഭീകരര്‍ക്ക് പണം എത്തുന്നത് തടയുന്നതായി വ്യക്തമാക്കി.

സമുദ്രമേഖലയിലെ ഭീകര പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002ലാണ് സിടിഎഫ് 150 രൂപീകരിച്ചത്. ഇതുവരെ ലക്ഷകണക്കിന് ഡോളിന്റെ മയക്കുമരുന്നു പിടികൂടി നശിപ്പിക്കുകയും ആയിരകണക്കിന് ആയുധങ്ങള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ