റിയാദ്: റമസാൻ മാസത്തിലെ അവസാന ദിവസങ്ങൾ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി ദശ ലക്ഷങ്ങളാണ് ഈ ദിനങ്ങളിൽ മക്കയിലെത്തുക. ഈ ആഴ്ച മുതൽ മക്കയിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. മക്ക പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടിക്കും അടിയന്തര ഗൾഫ് അറബ് ഉച്ചകോടിക്കും വേദിയാകുന്നതും ഈ ദിനങ്ങളിലാണ്. 25, 26, 27 ദിവസങ്ങളിലാണ് ഉച്ചകോടികൾ നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കനത്ത സുരക്ഷയിലാണ് മക്ക നഗരം. സൗദി വ്യോമയാന വകുപ്പിന് കിഴിൽ മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരത്തുമായി ഹെലികോപ്റ്ററുകൾ സുരക്ഷാ ചിറക് വിരിച്ചു പറക്കുന്നുണ്ട്. ഹറമിലേക്ക് എത്തിച്ചേരുന്ന വഴികൾ, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകൾ ഉൾപ്പടെ എല്ലാ നിരത്തുകളിലും ഹെലികോപ്റ്ററിന്റെ സുരക്ഷാ പരിശോധനയുണ്ടാകും.

ആധുനിക ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജിയും പ്രഥമ വൈദ്യസഹായം നൽകാൻ വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഹെലികോപ്‌റ്ററുകൾ പറക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യം വന്നാൽ രോഗികളുമായി പറന്നെത്തുന്ന ഹെലോകോപ്റ്ററുകളെ സ്വീകരിക്കാൻ ഹോസ്പിറ്റലുകളിൽ ഹെലിപാഡുകളും പ്രവർത്തന സജ്ജമായിട്ടുണ്ട്. വ്യോമയാന സുരക്ഷയ്ക്ക് പുറമെ റമസാനിൽ മക്കയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും ഹറമിലെത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും വിവിധ സുരക്ഷാ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തനങ്ങൾ സുസജ്ജമാണ്.

ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ രഹസ്യ പൊലീസ് സംഘങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, ഉച്ചകോടികൾ നടക്കുന്നതിനാൽ പരമാവധി തിരക്ക് കുറക്കുന്നതിനായി വിശ്വാസികൾ സഹകരിക്കണമെന്ന് ഹറം കാര്യാ വകുപ്പുകൾ മൊബൈൽ വഴി സന്ദേശങ്ങൾ അയക്കുന്നുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook