റിയാദ്: സൗദി അറേബ്യക്ക് മലയാള നാടുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. വാണിജ്യ അവശ്യങ്ങൾക്കായി നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അറബികള്‍ കേരളത്തിലെത്തിയിരുന്നു. കച്ചവടത്തോടൊപ്പം ഭാഷാവിനിമയവും സാംസ്‌കാരിക , ഭക്ഷണ സംസ്കാരവും കൈമാറ്റം നടന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പുരാതന കാലം മുതലുള്ള ഈ അറബ്-മലയാള ബന്ധം ഊഷ്മളമാകുകയാണ് സൗദ് ബിൻ അബ്ദുൽ അസീസിന്റെ ഇഫ്താർ തമ്പ്. കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങളുടെ രുചിയൊരുക്കിയാണ് സൗദി പൗരൻ സൗദ് അബ്ദുല്‍ അസീസിന്‍റെ നേതൃത്വത്തിൽ ഇഫ്താർ തമ്പിൽ നോമ്പ് തുറ നടക്കുന്നത്. ഗൾഫ് നാടുകളിലെ ഇഫ്താര്‍ ടെന്റുകള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ റിയാദിലെ എക്സിറ്റ് 27-ലെ സുവൈദി പള്ളിയിലെ ഇഫ്താര്‍ തമ്പ് കേരളീയ വിഭവങ്ങള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ്.

സൗദി ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനാണ് മലയാളികൾക്കായി റമസാൻ 30 ദിവസം വിരുന്നൊരുക്കുന്ന സഊദ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടര്‍ന്ന്‍ വരുന്ന തമ്പ് ഈ വർഷവും സജീവമാണ്. അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുഖ്യമായും മലയാളികളുടെ ഇഷ്ട വിഭവങ്ങളായ പത്തിരി, ഇടിയപ്പം, പൊറോട്ട തുടങ്ങിയവയാണ് നല്‍കി വരുന്നത്. ഓരോ വര്‍ഷവും ആളുകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു വരുന്നതായും റിയാദിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മലയാളികള്‍ തങ്ങളുടെ ഇഷ്ട വിഭവങ്ങള്‍ക്കായി എത്തിച്ചേരുന്നതായി സൗദ് അബ്ദുല്‍ അസീസ്‌ പറഞ്ഞു. സ്വദേശി പൗരന്മാര്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നുകളില്‍ മലയാളികളെ പ്രത്യേകമായി പരിഗണിക്കുന്നതാണ് സുവൈദി ഇഫ്താറിനെ വേറിട്ട്‌ നിര്‍ത്തുന്നത്. നോമ്പ് തുറക്കുന്നവരില്‍ 90 ശതമാനവും മലയാളികളാണ്. മൂന്ന് വര്‍ഷം മുന്‍പ് ക്ലീനിങ് തൊഴിലാളിയായി സുവൈദി പള്ളിയില്‍ എത്തിയ കോട്ടയം സ്വദേശി ശമീര്‍ മലയാളികള്‍ കൂടുതലുള്ള ഇഫ്താറില്‍ മലയാളി വിഭവങ്ങളാണ് നല്ലത് എന്ന്‍ നിര്‍ദേശിച്ചതിന് ശേഷമാണ് സൗദ് അബ്ദുല്‍ അസീസ്‌ താന്‍ നിര്‍മ്മിച്ച ഈ പള്ളിയില്‍ മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ നല്‍കിത്തുടങ്ങിയത്.

iftar, saudi arabia

എന്നും നിരവധിയാളുകള്‍ പങ്കെടുക്കുന്ന സുവൈദി ഇഫ്താര്‍ മത സൗഹാര്‍ദ്ദത്തിന്‍റെ മാതൃകയാണെന്നും വോളന്റിയര്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷമീര്‍ വിശദീകരിച്ചു. നോമ്പ് തുറക്ക് ഒരു മണിക്കൂര്‍ മുന്‍പുള്ള പ്രസംഗവും, ചോദ്യോത്തര മത്സരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. അബ്ദു റഹ്മാന്‍ മദീനി, അബ്ദു റസാഖ് സ്വലാഹി, മിദ്‌ലാജ് സ്വലാഹി , മുജീബ് ഇരുമ്പുഴി, മുഹമ്മദ്‌ കുട്ടി കടന്നമണ്ണ എന്നിവരാണ്‌. തിങ്കളാഴ്ച നടന്ന ഇഫ്താര്‍ സംഗമത്തില്‍ റിയാദില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ക്ഷണിതാക്കളായിരുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook