മനാമ: ബഹ്റൈനിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി പുരാതന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പുരാവസ്തുഗവേഷകര്‍ അറിയിച്ചു. ബിസി 2200ഓളം പഴക്കം വരുന്ന സ്വര്‍ണത്തിന്റെ കഷ്ണങ്ങള്‍, ശവകുടീരങ്ങള്‍, ശവപ്പെട്ടികള്‍, പുരാതന രചനകള്‍ തുടങ്ങിയവയാണ് കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ നടന്ന ഉദ്ഖനനത്തില്‍ കണ്ടെത്തിയത്. വാദി അല്‍ സൈല്‍, കര്‍ബാബാദ്, കറാന, അബു സൈബാസ്, മല്കിയ, ആലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവ ലഭ്യമായതെന്ന് ഗവേഷകര്‍ പറഞ്ഞു.
‘ഔവര്‍ ഇയര്‍ ഓഫ് ആര്‍ക്കിയോളജി’ എന്നു പേരിട്ടിരിക്കുന്ന പുരാവസ്തുഗവേഷണ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആൻഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) സംഘടിപ്പിച്ച പരിപാടിയിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബിഎസിഎയോടൊപ്പം ജപ്പാന്, ഡെന്മാര്ക്ക്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ചേര്‍ന്നാണ് ഇവ കണ്ടെത്തിയതെന്ന് ആര്‍ക്കിയോളോജിക്കല്‍ അഫയേഴ്സ് കൗണ്‍സിലര്‍ ഡോ. പിയറി ലൊംബാര്‍ഡ് അറിയിച്ചു. പ്രധാനമായും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ആലിയിലെ അല്‍ ബഹ്റൈന്‍ സൈറ്റില്‍ (ബഹ്റൈന്‍ ഫോര്‍ട്ട്), മല്കിയ, കറാന ഗ്രാമത്തിലെ ഹില്ലാത് അബ്ദുല്‍ സാലെഹ് എന്നിവിടങ്ങളില്‍ നിന്നുമാണ്. പലയിടങ്ങളിലും ഇപ്പോഴും തിരച്ചിലുകള്‍ തുടരുന്നതായും ഭാവിയില്‍ കൂടുതല്‍ പുരാതന ശേഷിപ്പുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.