ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരനു സമ്മാനം. ദുബായിൽ അറ്റ്‌ലാന്റിസ് ഹോട്ടലിൽ അക്കൗണ്ടന്റായ മംഗളൂരു സ്വദേശി പ്രവീൺ അരൻഹയ്ക്കാണു 10 ലക്ഷം ഡോളർ (ഏഴു കോടിയിലേറെ രൂപ) സമ്മാനമായി ലഭിച്ചത്. രണ്ടു സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
യുഎസിൽ പഠിക്കുന്ന മകളുടെ പഠന ചെലവുകൾക്കായി നിശ്ചിത തുക മാറ്റിവയ്ക്കുമെന്ന് 16 വർഷമായി ദുബായിൽ താമസിക്കുന്ന അരൻഹ പറഞ്ഞു. പത്തു ലക്ഷം ഡോളർ സമ്മാനം നേടുന്ന 151-ാമത്തെ ഇന്ത്യക്കാരനാണ് അരൻഹ. കഴിഞ്ഞ 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനുകളിൽ പങ്കെടുക്കുന്നുണ്ട്.
നറുക്കെടുപ്പിൽ മലയാളിയ റോണി തോമസിനു മേഴ്സിഡസ് ബെൻസ് S560 കാർ സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സ്ഥിരം പങ്കാളിയാണ് തോമസ്. പലതവണ ടിക്കറ്റെടുത്തിട്ടുണ്ട്. അവസാനം എനിക്ക് സമ്മാനം കിട്ടി. ഇതു വിശ്വസിക്കാനാവുന്നില്ലെന്നു 40 വയസുകാരനായ തോമസ് പ്രതികരിച്ചു. ഫിലിപ്പീൻസ് സ്വദേശിയായ മാരിറ്റസിന് അപ്രീലിയ ഡോർസോഡ്യൂറോ ബൈക്കും ഓസ്ട്രേലിയൻ സ്വദേശിയായ ഫ്രാങ്ക് ഫിഷറിനു മോട്ടോ ഗുസ്സി ഓഡസ് മോട്ടോർബൈക്കും സമ്മാനമായി ലഭിച്ചു.