ജിദ്ദ: കേരളം ലോകത്തിന് സമ്മാനിച്ച നന്മ, മതങ്ങൾക്കിടയിലും മതാനുയായികൾക്കിടയിലും ഉണ്ടായിരുന്ന സഹോദര ഭാവമായിരുന്നെന്നും ആ നല്ലനാളിലേക്ക് നാം തിരിച്ചുനടക്കുക വഴി മാത്രമേ ഇന്ത്യയുടെ മതേതരത്വം തിരിച്ചുപിടിക്കാൻ കഴിയുകയുള്ളുവെന്ന് അഡ്വ. പി.വി. മനാഫ് അരീക്കോട് പറഞ്ഞു. ഫോറം ഫോർ ഐഡിയൽ തോട്സിന്റെ ‘ആൻ ഐഡിയൽ ഡിസ്കഷൻ’ എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാഭ്യാസവും സാംസ്കാരിക രംഗവും താന്താങ്ങളിലേക്ക് ചുരുങ്ങുന്ന കാഴ്ച ശോഭനമല്ല. പണ്ട് പൊതു പള്ളിക്കൂടങ്ങൾ മാത്രമുണ്ടായിരുന്നപ്പോൾ ജാതിമത ഭേദമന്യേ എല്ലാവരും പഠിച്ചിരുന്നത് ഒരേ സ്കൂളിലായിരുന്നെങ്കിൽ, ഇന്ന് ഓരോ വിഭാഗത്തിനും സ്വന്തമായി സ്ഥാപനങ്ങളായി. അതുപോലെ, നാട്ടിൻപുറങ്ങളിലെ പൊതു ക്ലബുകൾ, വായന ശാലകൾ മുതലായവയൊക്കെയും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. ഈ നന്മകൾ നിലനിർത്താനുള്ള ശ്രമങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരമൊരവസ്ഥ ഫാസിസത്തിനല്ലാതെ മറ്റാർക്കും ഉപകാരപ്പെടില്ല. മതങ്ങളിലെ തീവ്ര ചിന്താഗതിക്കാർ പ്രോത്സാഹിപ്പിക്കുന്നത് ഫാസിസത്തെയാണെന്ന വസ്തുത അവർ തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. അതിനാൽ, ഓരോരുത്തരും സ്വയം വിമർശനത്തിന് തയാറാവണം. നല്ല വ്യക്തികളും അതുവഴി നല്ല സമൂഹവും രൂപപ്പെടുമ്പോൾ മാത്രമേ നല്ല നേതാക്കൾ നേതൃ നിരയിലേക്ക് ഉയർന്നുവരികയുള്ളു. നേതൃത്വമോ സംഘടനാ സംവിധാനങ്ങളോ സ്വയമേവ സംശുദ്ധമാവുകയില്ല എന്നോർക്കണം.

ഇന്ത്യ സഹിഷ്ണുതയുടെ മണ്ണാണ്. മാലിക് ബിന് ദീനാറിനെയും സംഘത്തെയും മാത്രമല്ല, അവർ പ്രതിനിധാനം ചെയ്ത വിശ്വാസ സംഹിതയെയും മാറോടു ചേർത്ത പാരമ്പര്യം യഥാർത്ഥ ഇന്ത്യയുടെ ദർശനമാണ്. ആ സനാതന ധർമ്മം ഇന്നും ഇവിടെയുണ്ട്. അവരുമായുള്ള ഇഴബന്ധം സുദൃഢമാക്കുന്നതിലൂടെ മാത്രമേ മതേതരത്വം തിരിച്ചുപിടിക്കുക്ക സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

വി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. വി.പി.ഉനൈസ്, നാസർ കല്ലിങ്ങപ്പാടൻ, ലത്തീഫ് കൊട്ടപ്പുറം, മുസ്തഫ വാക്കാലൂർ തുടങ്ങിയവർ സംസാരിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും കെ.എൻ.എ.ലത്തീഫ് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ