റിയാദ്: നിയമ ലംഘകർക്ക് പിഴ കൂടാതെ നാടണയാൻ അവസരം ഒരുക്കി സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഏഴ് ദിവസം പിന്നിടുമ്പോൾ ആറായിരത്തിലധികം പേരാണ് ഇന്ത്യൻ എംബസിയിൽ ഔട്ട്പാസിന് അപേക്ഷിച്ചത്. ആയിരത്തോളം ആളുകളാണ് ഇന്നലെ മാത്രം എംബസിയിലെത്തി അപേക്ഷ നൽകിയത്. ഇന്ന് ഉച്ചയോടെ എംബസിയിൽ ഔട്ട്പാസുകൾ വിതരണം ആരംഭിച്ചു. മുൻ കൂട്ടി സമയവും നമ്പറും നൽകിയ അപേക്ഷകർക്കാണ് ഔട്ട്പാസുകൾ നൽകുന്നത്. അപേക്ഷ നൽകിയ സമയം അനുസരിച്ചാണ് ഔട്ട്പാസ് വാങ്ങാനുള്ള നമ്പർ നൽകിയിട്ടുള്ളത്.

ഇതനുസരിച്ചാണ് അപേക്ഷകർ ഔട്ട്പാസിനായി എംബസിയിൽ എത്തേണ്ടത്. അംബാസഡർ അഹമ്മദ് ജാവേദ് നേരിട്ടെത്തിയാണ് കൗണ്ടറുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും ക്രമീകരിക്കുന്നതും. പൊലീസ് കേസും മറ്റ് നിയമക്കുരുക്കകളുമുള്ള നൂറു കണക്കിനാളുകളാണ് എംബസിയിൽ മാർഗ നിർദേശങ്ങൾ തേടി എത്തുന്നത്. എന്നാൽ പോലീസ് കേസുകളുള്ളവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാവില്ല.

റിയാദ് ഇന്ത്യൻ എംബസിയിലും സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിലുമാണ് കൂടുതൽ അപേക്ഷകർ എത്തുന്നത്. ഉൾ ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇനിയും നിയമ ലംഘകരായി കഴിയുന്ന ഇന്ത്യക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്തി അവസരം ഉപയോഗപ്പെടുത്തുന്നതിന് വേണ്ട ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരും വോളന്റിയർമാരും തുടരണമെന്ന് എംബസി അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ