റിയാദ്: സൗദി അറേബ്യയിൽ ഇന്നലെ മുതൽ ആരംഭിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ രാവിലെ മുതൽ നിയമ ലംഘകരായ ഇന്ത്യൻ പ്രവാസികൾ എംബസ്സിയിലെത്തി. ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് നേരിട്ടാണ് നടപടിക്രമങ്ങൾ വിലയിരുത്തുന്നത്. പത്ത് കൗണ്ടറുകളാണ് ഇതിനായി എംബസിയിൽ രാവിലെ എട്ട് മണി മുതൽ ആരംഭിച്ചത്. നിർദേശങ്ങൾ നൽകുന്നതിനും നടപടിക്രമങ്ങൾ കുറിച്ച് വിശദീകരിക്കുന്നതിനും മറ്റ് സഹായങ്ങൾ നൽകുന്നതിനും സാമൂഹ്യ പ്രവർത്തകരും പ്രവാസി സംഘടനകളും രംഗത്തുണ്ട്. രാവിലെ മുതൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യത. പാസ്സ്‌പോർട്ട് ഇല്ലാത്തവർക്ക് ഔട്ട് പാസ്സ് നൽകുകയും മറ്റ് നിയമക്കുരുക്കിൽ പെട്ടവർക്ക് നിർദേശങ്ങൾ നൽകുകയുമാണ് എംബസി ഇപ്പോൾ ചെയ്യുന്നത്. അപേക്ഷ പൂരിപ്പിക്കാൻ പത്ത് കൗണ്ടറുകളും അപേക്ഷ സമർപ്പിക്കാൻ നാല് കൗണ്ടറുകളും രാവിലെ മുതൽ പ്രവർത്തിക്കുന്നുണ്ട്. സൗദി അറേബ്യയിലെ 21 രഗരങ്ങളിൽ എംബസ്സിയുടെ സേവന കേന്ദ്രങ്ങൾ സജീവമാണ്.

പൊതുമാപ്പ്; അവസരം ഉപയോഗപ്പെടുത്താൻ ജവാസാത്ത് മൊബൈൽ സന്ദേശങ്ങൾ അയച്ച് തുടങ്ങി

റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച “നിയമ ലംഘകരില്ലാത്ത രാജ്യം” ക്യാംപയിന്റെ ഭാഗമായി പൊതുമാപ്പ് അവസരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ GDP (ഡിപ്പാർട്ടമെന്റ് ഓഫ് പാസ്പോർട്ട്) വിദേശികളുടെ മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ച് തുടങ്ങി. മാർച്ച് 29 മുതൽ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ ജവാസാത്ത് (പാസ്പോർട്ട് സേവന കേന്ദ്രം) പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചതായും അവസരം ഉപയോഗപ്പെടുത്തണമെന്നും, അനുവദിച്ച 90 ദിവസത്തിനകം സ്വന്തം ചിലവിൽ രാജ്യം വിടണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. നിയമ ലംഘകർ അവസാന സമയം വരെ കാത്തു നിൽക്കരുതെന്ന് ഇന്ത്യൻ എംബസിയും ഓർമപ്പെടുത്തി. പൊതുമാപ്പിന് ശേഷം ശക്തമായ പൊലീസ് പരിശോധനയുണ്ടാകും. പൊതുമാപ്പ് കാലാവധിക്ക് ശേഷം അറസ്റ്റിലാകുന്ന നിയമ ലംഘകർ കടുത്ത ശിക്ഷയാകും നേരിടേണ്ടി വരിക എന്ന് അധികൃതർ അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook