റിയാദ്: ജൂലൈ ആദ്യവാരം മുതൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തമാക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സഫർ മൻസൂർ അൽ ദലീം വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തല വാചകത്തിൽ സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് അടുത്ത മാസം 29 ന് അവസാനിക്കാനിരിക്കെയാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്. അവസരം പ്രയോജനപ്പെടുത്താൻ രണ്ട് മാസത്തോളം സമയമുണ്ട്. എന്നാൽ അവസാന ദിവസത്തേക്കായി കാത്ത് നിൽക്കരുത്. അനധികൃത താമസക്കാരെ കണ്ടെത്താൻ നിലവിൽ പൊലീസ് പരിശോധന നടക്കുന്നുണ്ട്.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കും. തൊഴിൽ വകുപ്പും, പൊലീസും, ജവാസാത്തും ചേർന്നാണ് പരിശോധന നടത്തുക. സ്ഥാപനങ്ങളിൽ സ്‌പോൺസറുടെ കീഴിലാണോ ജോലി ചെയ്യുന്നതെന്ന് പരിശോധന ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാൽ തൊഴിലാളിയും തൊഴിലുടമയും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ദിനേന ആയിരക്കണക്കിന് ആളുകളാണ് എക്സിറ്റ് വിസ തേടി സൗദി പാസ്പോർട്ട് വിഭാഗത്തെ സമീപിക്കുന്നത്. രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

പ്രതിദിനം രണ്ടായിരം ആളുകളാണ് എക്സിറ്റ് വിസ നേടുന്നത്. നടപടിക്രമങ്ങൾ പരമാവധി വേഗത്തിലാക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും അമ്പതോളം ഉദ്യോഗസ്ഥർ പല ഷിഫ്റ്റുകളായി ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്ലൂബ് (പൊലീസ് കേസ് രേഖപ്പെടുത്തിയ സ്റ്റാറ്റസുള്ളവർ) പൊലീസ് ക്ലിയറൻസ് ഇല്ലാതെ മടക്കയാത്ര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്, ഉംറ, സന്ദർശക വിസ തുടങ്ങിയ വിസകളിൽ രാജ്യത്ത് പ്രവേശിച്ച് കാലാവധി തീർന്ന് കുടുങ്ങിയവർക്ക് വിമാനത്താവളം വഴി എക്സിറ്റ് ലഭ്യമാകും. പാസ്സ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തവരും ഹുറൂബ് (ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നൽകിയ) സ്റ്റാറ്റസുള്ളവരും, സാധുവായ യാത്ര രേഖ ഇല്ലാത്തവരും എംബസിയിൽ നിന്ന് ഔട്ട് പാസ് നേടിയിട്ടേ പാസ്പോർട്ട് വിഭാഗത്തെ സമീപിക്കാവൂ. നിയമലംഘകരില്ലാത്ത രാജ്യത്തിനായുള്ള ബോധവൽകരണ ക്യാംപയിനിൽ പങ്കാളികളാകുന്ന എല്ലാ മാധ്യമ-സാമൂഹ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദിയറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ