റിയാദ്: സൗദി അറേബ്യയിൽ ഒരു മാസത്തേക്ക് കൂടി അനുവദിച്ചു നൽകിയ പൊതുമാപ്പ് പുതിയ നിയമ ലംഘകർക്ക് വിനിയോഗിക്കാനാവില്ലന്ന് അംബാസഡർ അഹമ്മദ് ജാവേദ്. 2017 മാർച്ച് 19 വരെ നിയമ ലംഘകരായവർക്കേ നീട്ടി നൽകിയ പൊതുമാപ്പിന്റെ അവസരം ഉപയോഗപ്പെടുത്താൻ കഴിയൂ. രേഖകൾ പ്രകാരം മാർച്ച് 19 ന് മുമ്പ് ഹുറൂബ് ആക്കപ്പെട്ടവർ, ഇഖാമ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിൽ എത്തി പുതുക്കാനാകാതെ കുരുക്കിൽ പെട്ടവർ, ഹജ് ഉംറ വിസയിലെത്തി കാലാവധിക്ക് മുമ്പ് പോകാനാകാതെ രാജ്യത്ത് കുടുങ്ങിയവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചവർ തുടങ്ങി പൊലീസ് കേസില്ലാത്ത എല്ലാ നിയമ ലംഘകർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. പൊതുമാപ്പ് സമയത്ത് എംബസിയിൽ നിന്ന് ഇസി വാങ്ങിയവർക്ക് അത് പുതുക്കാനും കാലാവധി കഴിഞ്ഞവർക്ക് പുതിയതിന് അപേക്ഷിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താം.

സൗദി അറേബ്യയുടെ മറ്റ് പ്രവിശ്യകളിലുള്ളവർ റിയാദിലെ എംബസിയിൽ എത്തേണ്ടതില്ല. അതാത് പ്രവിശ്യകളിലെ എംബസി സേവന കേന്ദ്രങ്ങളെ സമീപിച്ചാൽ മതി. ബുറൈദ, വാദി ദവാസിർ, അൽ കോബാർ എന്നിവിടങ്ങളിൽ ഇതിനകം സേവന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇസി എടുക്കുന്നതിനോ സൗദി പാസ്പോർട്ട് സേവനകേന്ദ്രത്തിൽ നിന്ന് ഫൈനൽ എക്സിറ്റ് നേടുന്നതിനോ ഇപ്പോൾ മുൻ കൂട്ടി സമയം ചോദിക്കുകയോ ടോക്കൺ എടുക്കുകയോ വേണ്ട. 31600 പരം ഇസിയാണ് കഴിഞ്ഞ നാല് മാസകാലയളവിൽ എംബസി നൽകിയത്. എന്നാൽ എത്ര പേർ രാജ്യം വിട്ടു എന്ന കണക്ക് ലഭ്യമല്ല. ഇസിക്കായി അപേക്ഷ നൽകിയാൽ അഞ്ച് പ്രവർത്തി ദിവസത്തിനകം ഇസി നൽകും. എന്നാൽ അടിയന്തിര കേസുകൾ റിപ്പോർട്ട് ചെയ്‌താൽ മണിക്കൂറുകൾക്കകം തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇസി നൽകാനാകുമെന്ന് അംബാസഡർ പറഞ്ഞു.
എംബസിയിലെ നടപടിക്രമങ്ങൾ പൂർത്തിയായാൽ സൗദി പാസ്പോർട്ട് വിഭാഗത്തെയാണ് ഫൈനൽ എക്സിറ്റിനായി സമീപിക്കേണ്ടത്. ഇതിനായി റിയാദിലെ മലസിൽ പാസ്പോർട്ട് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ശുമൈസിയിലെ സേവന കേന്ദ്രം പൊതുമാപ്പ് സേവനങ്ങൾക്കായി തുറന്നിട്ടില്ല. അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുകയാണെങ്കിൽ ഒരു സേവന കേന്ദ്രം കൂടി തുറക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു. സൗദി സർക്കാർ അനുവദിച്ചു തന്ന പൊതുമാപ്പ് കാലാവധി പരമാവധി പ്രയോജനപ്പെടുത്തണമെന്നും. അതിനായി സാമൂഹ്യപ്രവർത്തകരും മാധ്യമ പ്രവർത്തകരും പ്രചാരണ ദൗത്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മാധ്യമ പ്രവർത്തകരുടെയും വോളന്റിയർമാരുടെയും യോഗത്തിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.

നീട്ടി നൽകിയ കാലാവധി അടുത്ത മാസം 15 ന് അവസാനിക്കും. മാർച്ച് 29 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന പൊതുമാപ്പ് ജൂൺ അവസാന വാരം അവസാനിച്ചു. തുടർന്ന് ഒരു മാസം കൂടി നീട്ടി നൽകി ജൂലൈ അവസാന വാരം വരെയാക്കി. പിന്നീട് ഒരു ഇടവേളക്ക് ശേഷം ഈ മാസം 16 മുതലാണ് വീണ്ടും ആരംഭിച്ചത്. രാജ്യത്ത് കുടുങ്ങിയ നിയമലംഘകർക്ക് വലിയ ആശ്വാസം പകരുന്നതാണ് പൊതുമാപ്പ് നീട്ടി നൽകാനുള്ള തീരുമാനം. പൊതുമാപ്പ് അവസാനിച്ചിട്ടും ആയിരക്കണക്കിന് വിദേശികൾ അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ടായിരുന്നു. അത്തരക്കാർക്കെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിൽ ഇന്ത്യക്കാരും വിശിഷ്യാ മലയാളികളും കുറവല്ല. എന്നാൽ എത്ര ഇന്ത്യക്കാർ രാജ്യത്ത് അനധികൃതമായി തങ്ങുന്നുണ്ട് എന്ന് കൃത്യമായ കണക്ക് എംബസിയിലും ലഭ്യമല്ല.

വിവിധ കാരണങ്ങളാൽ നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികൾ പെരുകിയതാണ് “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ ക്യാംപെയിൻ ആരംഭിക്കാനുള്ള പ്രധാന കാരണം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന വിദേശികൾക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ നിയമ തടസ്സമുണ്ടാകില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ ക്യാംപെയിന്. ഇപ്പോൾ അനുവദിച്ച കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കും. അനുവദിച്ച സമയവും ഉപയോഗപ്പെടുത്താതെ സൗദിയില്‍ മതിയായ രേഖകളില്ലാതെ തങ്ങുന്ന വിദേശികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook