റിയാദ്: പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ തൊഴിലാളികൾക്കിടയിൽ മാധ്യമ സാമൂഹ്യ രംഗത്തെ പ്രവർത്തകർ നടത്തിയ ഇടപെടൽ അഭിനന്ദനീയമെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ടിയാല്‍. സൗദി അറേബ്യയിലെ അനധികൃത താമസക്കാർക്ക് പിഴകൂടാതെ രാജ്യം വിടാൻ സൗദി ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള ബോധവൽക്കരണ ക്യാംപിനിൽ എംബസിക്കൊപ്പം പങ്കാളികളായ മുഴുവൻ മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഇന്ത്യൻ പ്രവാസികൾക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമാപ്പ് ആരംഭിച്ച ദിവസം മുതൽ ഔട്ട്പാസ് തേടി എംബസിയിൽ എത്തുന്നവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകുന്നതിനും പൊതുമാപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എംബസിയെ സഹായിക്കുന്നതിനുമായി അതിരാവിലെ മുതൽ എംബസിയിൽ എത്തുന്ന സാമൂഹ്യ പ്രവർത്തകരുണ്ട്. സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഓരോ ദിവസവും കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വാർത്ത നൽകുകയും ഇനിയും അവസരം ഉപയോഗിക്കാത്ത അനധികൃത താമസക്കാർ ഉണ്ടെങ്കിൽ എംബസിയെ സമീപിക്കണമെന്നും നിരന്തരം വാർത്തകളിലൂടെ ബോധവൽകരണം നടത്തുന്ന മലയാള മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടേയും സേവനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

saudi arabia, amnesty

ശുമൈസിയിലെ തർഹീലിൽ ഇന്ത്യക്കാർക്കായി പ്രതേകം കൗണ്ടറുകൾ ആരംഭിച്ചതും സൗദി പാസ്പോർട്ട് ഓഫീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പ്രത്യേക പരിഗണനയും ഇന്ത്യക്കാർക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഈ സഹകരണവും പരിഗണനയും തുടരാൻ അംബാസഡർ ഉൾപ്പടെയുള്ള എംബസി മിഷന്റെ നയതന്ത്ര ഇടപെടലുകൾ സജീവമാക്കും. ഞായറാഴ്ച വൈകീട്ട് മലസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ എംബസി ഫസ്റ്റ് സെക്രട്ടറി അനിൽ നൊട്ടിയാൽ വിളിച്ച് ചേർത്ത മാധ്യമ-സാമൂഹ്യ പ്രാവർത്തകരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ പങ്കെടുത്തവർ പൊതുമാപ്പ് പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ക്രിയാത്മകമായ നിർദേശങ്ങളും വരുത്തേണ്ട മാറ്റങ്ങളും അനിൽ നോട്ടിയാൽ സ്വാഗതം ചെയ്തു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ