ദുബായ്: യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ ഒക്‌ടോബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് ഈ അവസരത്തിൽ ശിക്ഷാ നടപടി കൂടാതെ രാജ്യം വിടാം. ഇതിനു മുൻപ് 2013 ലാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്നു രണ്ടു മാസമായിരുന്നു പൊതുമാപ്പ് കാലാവധി. ആ വർഷം 62,000 പേരാണ് രാജ്യം വിട്ടത്.

വിദേശികൾക്ക് രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്ന വിസ ചട്ടങ്ങളിൽ യുഎഇ അടുത്തിടെ ഭേദഗതികൾ വരുത്തിയിരുന്നു. പ്രൊഫഷണലുകൾക്കും നിക്ഷേപകർക്കും പത്ത് വർഷം വരെയുളള വിസ അനുവദിക്കുന്നതാണ് പുതിയ തീരുമാനം. ശാസ്ത്രം, വൈദ്യശാസ്ത്രം, ഗവേഷണം എന്നിവയിലെ വിദഗ്‌ധർക്ക് പുറമേ പഠനരംഗത്ത് മികവുതെളിയിച്ച വിദ്യാർത്ഥികൾക്കും വിസ ലഭിക്കും. ലോക നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാനാണ് ഈ പദ്ധതിയെന്ന് യുഎഇയിലെ ഔദ്യോഗിക മാധ്യമം വിശദീകരിച്ചു.

യുഎഇയിൽ വിദേശനിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയിൽ സ്ഥാപനങ്ങൾ തുടങ്ങാനുളള നിയമ ഭേദഗതികളും ഇക്കുറിയുണ്ടാകുമെന്ന് യുഎഇ വ്യക്തമാക്കി. നിലവിൽ യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ 51 ശതമാനം ഓഹരികളും യുഎഇ സ്വദേശിയുടേതായിരിക്കണം. പ്രധാന ബ്രാന്റുകളായ ആപ്പിൾ, ടെസ്‌ല എന്നിവയ്‌ക്ക് മാത്രമാണ് ഇളവ് ഉളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook