റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തല വാചകത്തിൽ കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാ ചെലവ് സൗദി അറേബ്യ വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹിയ വ്യക്തമാക്കി. നിയമ കുരുക്കിൽ പെട്ട് രാജ്യത്ത് തങ്ങുന്നവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്വന്തം ചെലവിലാണ് സ്വരാജ്യത്തേക്ക് മടങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹജ്, ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ, അനുവദിച്ച സമയം കഴിഞ്ഞ സന്ദർശക വിസക്കാർ തുടങ്ങിയവർ ടിക്കറ്റും പാസ്സ്പോർട്ടുമായി വിമാനത്താവളങ്ങളിൽ നേരിട്ട് എത്തണമെന്നും ജവാസാത്ത് മേധാവി അറിയിച്ചു. രാജ്യത്തിന് പുറത്ത് കടക്കാനുള്ള അനുമതി നൽകുന്നതിന് മുൻപ് വിരലടയാളവും, കണ്ണും പരിശോധിച്ച് സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചു വരുന്നവരല്ല എന്ന് ഉറപ്പ് വരുത്തും. ഇഖാമ കാലാവധി കഴിഞ്ഞവരും തൊഴിൽ നിയമ ലംഘകർ എന്നിവർ ഓൺലൈൻ വഴി നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. ഓൺലൈനിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളെ സമീപിക്കാം.

സ്പോൺസർ ഹുറൂബ് (ഒളിച്ചോടിയെന്ന സ്റ്റാറ്റസ്) ആക്കിയവർ, അതിർത്തി ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ, അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിച്ച് പിടിക്കപ്പെട്ടവർ, സമീപിക്കേണ്ടത് അതാത് പ്രവിശ്യകളിലെ ജവാസാത്ത് ഓഫീസുകളെയാണ്. പൊതുമാപ്പ് ആനുകൂല്യത്തിൽ സ്വദേശത്തേക്ക് മടങ്ങുന്ന ആരെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ല. പുതിയ വിസയിൽ അവർക്ക് സൗദിയിലേക്ക് മടങ്ങിയെത്തുന്നതിന് തടസ്സമില്ലെന്നും മേജർ ജനറൽ പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

രാജകാരുണ്യം ഫലപ്രദമായി വിനിയോഗിക്കുക: ആർഐസിസി

റിയാദ്: നിയമലംഘകരില്ലാത്ത രാജ്യമെന്ന ലക്ഷ്യം നേടുന്നതിന് വേണ്ടി സൗദി അറേബ്യ പ്രഖ്യാപിച്ച രാജകാരുണ്യവും പൊതുമാപ്പും ഫലപ്രദമായി വിനിയോഗിക്കാൻ മലയാളി സമൂഹം സജ്ജമാവണമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മറ്റി (ആർഐസിസി) അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനും സാംസ്കാരിക പൈതൃകങ്ങൾക്കും കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നുകൊണ്ട് നിയമങ്ങൾ കൃത്യമായി പാലിച്ച് ജീവിക്കുവാനുള്ള തീരുമാനം പ്രവാസികളിൽ നിന്നുണ്ടാവണം. പ്രവാസികളിൽ പ്രതീക്ഷ അർപ്പിച്ച് നാട്ടിൽ കഴിയുന്ന കുടുംബാംഗങ്ങളേയും ആശ്രിതരെയും നിരാലംബരാക്കി കണ്ണീരിലേക്ക് തള്ളിയിടുന്ന പ്രവണതകളിൽ നിന്ന് മുക്തമായി മാന്യമായി ജീവിതം നയിക്കാൻ സൗദി അറേബ്യ ഒരുക്കിത്തരുന്ന അവസരങ്ങളെ ഉപയോഗിക്കാൻ പ്രവാസിസമൂഹം തയാറാവണമെന്ന് ആർഐസിസി ഉൽബോധിപ്പിച്ചു.

മാർച്ച് 29 മുതൽ ജൂൺ 24 വരെ അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ ഇഖാമ, തൊഴിൽ നിയമക്കുരുക്കുകളിൽ പെട്ടും ഹുറൂബിൽ കുടുങ്ങിയും കഷ്ടപ്പെടുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകി അവർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചു പോവാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിന് മറ്റു സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആർഐസിസി തീരുമാനിച്ചു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ പബ്ലിക് റിലേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

സുഫ്‌യാൻ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഉമർ ശരീഫ്, അബ്ദുസ്സലാം പന്തലിങ്ങൽ, മൊയ്‌ദു അരൂർ, ഷനോജ് അരീക്കോട്, നബീൽ പയ്യോളി, യാസർ അറഫാത്ത്, നൗഷാദ് പെരിങ്ങോട്ടുകര, അബൂബക്കർ ആലുവ, അഹ്‌മദ്‌ സിദ്ദീഖ്, അക്ബറലി മമ്പാട്, അഷ്‌റഫ് രാമനാട്ടുകര, അഷ്‌റഫ് തേനാരി, ബഷീർ കുപ്പോടൻ, ഫിനോജ്‌ അബ്ദുല്ല, ഫിറോസ് തിരൂർ, ഇഖ്‌ബാൽ കൊല്ലം, അബ്ദുല്ലത്തീഫ് കടുങ്ങല്ലൂർ, അബ്ദുൽമജീദ് എ.കെ, മുഹമ്മദ് കൊല്ലം, മുജീബ് പൂക്കോട്ടൂർ, മുനീർ പാപ്പാട്ട്, നസീഹ് കോഴിക്കോട്, റഹീം ഉള്ള്യേരി, റിയാസ് ചൂരിയോട്, സാദിഖ് ടിപി, സമീർ കല്ലായി, ഷബീബ് കരുവള്ളി, ഷാജഹാൻ പടന്ന, ശാക്കിർ വള്ളിക്കാപറ്റ, ഷാനിദ് കോഴിക്കോട്, ശിഹാബ് മണ്ണാർക്കാട്, ഉബൈദ് തച്ചമ്പാറ, അജ്മൽ കള്ളിയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ