റിയാദ്: സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഇന്ത്യൻ പ്രവാസികൾക്ക് എംബസ്സിയുടെ സേവനം ലഭിക്കുന്നതിനായി ഇട നിലക്കാരെ സമീപിക്കരുതെന്ന് എംബസ്സിയുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച എംബസ്സിയിൽ വിളിച്ചു ചേർത്ത വോളന്റിയർമാരുടെ യോഗത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളിലെല്ലാം എംബസി സഹായ കേന്ദ്രങ്ങൾ തുറക്കും. പാസ്പോർട്ട് അടക്കം ഒരു രേഖയും കൈവശമില്ലാത്തവർ ഇത്തരം കേന്ദ്രങ്ങളെയോ എംബസിയെയോ നേരിട്ട് സമീപിക്കണം. കേന്ദ്രങ്ങളിൽ എത്താനാവശ്യമായ നിർദേശങ്ങളും സഹായങ്ങളും വോളന്റിയർമാർ നൽകും. ഇതിനായി ഇടനിലക്കാരുടെ സഹായം തേടുകയോ പണം നൽകുകയോ ചെയ്യരുത്.

തൊഴിൽ വീസയിലെത്തി കാലാവധി കഴിഞ്ഞും ഹുറൂബ് കേസിൽ കുടുങ്ങിയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് സാധുവായ പാസ്പോർട്ട് ഉണ്ടെങ്കിൽ ജവാസത്തിൽ നിന്നാണ് എക്സിറ്റ് ലഭിക്കുക. ഇത്തരക്കാർക്ക് യാത്രാ ചെലവില്ലാതെ മറ്റൊരു ചെലവും ഇല്ല. ട്രാഫിക് പിഴകളുണ്ടെങ്കിൽ അത് അടയ്ക്കേണ്ടി വരും. പിഴ ഓൺലൈൻ വഴിയാണ് അടയ്ക്കേണ്ടത്. പിഴ അടയ്ക്കാൻ പണമായി ആരുടെ കയ്യിലും നൽകരുത്. പൊതുമാപ്പിൽ നിയമ ലംഘകർക്ക് വിദേശത്തേക്ക് മടങ്ങുന്നതിനുള്ള ജവാസാത്ത് സേവനങ്ങൾ പൂർണമായും സൗജന്യമാണ്. നിതാഖാത് ഇളവുകാലത്തെ ദുരുപയോഗങ്ങളെ ഓർമിപ്പിച്ചാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ