റിയാദ് : സൗദി അറേബ്യയിൽ മാർച്ച് 29 മുതൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ സഹകരണം ഉറപ്പുവരുത്താൻ അംബാസഡറുടെ നയതന്ത്ര ഇടപെടൽ സജീവം.

പൊതുമാപ്പിന്റെ ഭാഗമായി സൗദി പാസ്പോർട്ട് വിഭാഗത്തിലെ വിവിധ മേധാവികളുമായി അംബസഡറും എംബസി ഉദ്യോഗസ്ഥരും ഇതിനകം കൂടിക്കാഴ്ചകൾ നടത്തി കഴിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ എംബസി അപേക്ഷകർക്ക് നൽകുന്ന ഔട്ട് പാസുമായി സൗദി പാസ്‌പോർട്ട് ഓഫീസിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക് എക്സിറ്റ് വിസ പരമാവധി വേഗത്തിലാക്കാനും മറ്റ് സഹകരണങ്ങൾക്കുമാണ് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് ഡെപ്യൂട്ടി ചീഫ് മിഷൻ ഹേമന്ത് കോട്ടൽവാർ എന്നിവർ ഇന്ന് റിയാദ് പാസ്പോർട്ട് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽ സുഹൈബാനിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഇതേ വിഷയത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ ഹേമന്ത് കോട്ടൽവാർ ശുമൈസിയിലെ നാട് കടത്തൽ കേന്ദ്രത്തിന്റെ മേധാവി ബ്രിഗേഡിയർ ഉസ്മാനയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന സൗദി അറേബ്യയുടെ രാജ്യ ശുദ്ധീകരണ പ്രക്രിയയിൽ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നുള്ള എല്ലാ സഹകരണങ്ങളും സംഘം ഉറപ്പ് നൽകി. അംബാസഡർ നേരിട്ടെത്തി സൗദി പാസ്പോർട്ട് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത് അഭിനന്ദനീയമാണെന്നും അത് പാസ്പോർട്ട് ഓഫീസിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് വലിയ രീതിയിലുള്ള പരിഗണ ലഭിക്കാൻ കാരണമാകുമെന്നും റിയാദിലെ സാമൂഹ്യ പ്രവർത്തകരും സംഘടനാ നേതാക്കളും വിലയിരുത്തുന്നു.

പൊതുമാപ്പ് 23 ദിവസം പിന്നിടുമ്പോൾ പതിനാറായിരത്തോളം ഇന്ത്യക്കാരാണ് ഔട്ട് പാസിന് അപേക്ഷിച്ചത്. ഇതിൽ പതിനയ്യായിരത്തോളം ഔട്ട് പാസുകൾ ഇതിനകം വിതരണം ചെയ്തതായി എംബസി അധികൃതർ വ്യക്തമാക്കി. 65 ദിവസം ബാക്കി നിൽക്കെ രാജ്യത്ത് ഇനിയും നിയമ ലംഘകരായി കഴിയുന്ന ഇന്ത്യക്കാരുണ്ടെങ്കിൽ വേഗത്തിൽ എംബസിയെ സമീപിക്കണമെന്നും ഈ അവസരം വിനിയോഗിക്കാത്തവർക് ഇനി അവസരമുണ്ടാകില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി.

വാർത്ത : നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ