റിയാദ്: തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതിനെ കണ്ട് ഭയന്നോടുന്നതിനിടയില്‍ വീണു മരിച്ച കൊല്ലം പന്മന മാവേലി ഐഷ മന്‍സിലില്‍ ആമിനയുടെ (25) നിര്യാണത്തില്‍ കേളി കലാ സാംസ്‌കാരിക വേദി ദവാദ്മി ഏരിയ അനുശോചനം രേഖപ്പെടുത്തി. കേളി ദവാദ്മി ഏരിയ ടൗണ്‍ യുണിറ്റ് ട്രഷറര്‍ സജി താജുദ്ദീന്റെ ഭാര്യയാണ് മരിച്ച ആമിന.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. വീട്ടില്‍ നിന്നും പാല്‍ വാങ്ങാന്‍ സമീപത്തെ സൊസൈറ്റിയിലേക്ക് വീടിനു സമീപത്തെ പുരയിടത്തിലൂടെ പോകുമ്പോഴായിരുന്നു സംഭവം. പുറത്തിറങ്ങിയ ആമിനയെ നായകള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വരികയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ ആമിന കാല്‍ തെറ്റി വീണതിനെ തുടര്‍ന്ന് നായകള്‍ ഓടി മാറിയെങ്കിലും, പേടിച്ചുവീണതിന്റെ ആഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ആമിന ധരിച്ചിരുന്ന ഷാള്‍ നായകള്‍ കടിച്ചെടുത്തു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ആമിനയെ കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു വയസ്സുള്ള ഐഷ, നാലു മാസം പ്രായമുള്ള ആദില്‍ എന്നിവര്‍ മക്കളാണ്.

മരണവിവരം അറിഞ്ഞയുടനെ ദവാദ്മിയില്‍ ജോലി ചെയ്തിരുന്ന സജി താജുദ്ദീന്‍ നാട്ടിലേക്ക് പോയിട്ടുണ്ട്. ആമിനയുടെ നിര്യാണത്തില്‍ കേളി ദവാദ്മി ഏരിയയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ റഷീദ് കരുനാഗപ്പള്ളിയും ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയിലും അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ