വാഷിങ്ടൺ: ഈ വര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്. ടൈം മാഗസിനാണ് സൗദി കിരീടാവകാശിയെ ഏറ്റവും വാര്‍ത്താ മൂല്യമുള്ള വ്യക്തിയായി തിരഞ്ഞെടുത്തത്.

ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിക്കുള്ളതാണ് അമേരിക്ക കേന്ദ്രമായ ടൈം മാഗസിന്‍ പുരസ്കാരം നല്‍കുന്നത്. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ടൈം മാഗസിന്‍ മാന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കാന്‍ കാരണങ്ങളേറെയാണ്. വിഷന്‍ 2030 എന്ന ദേശീയ പരിഷ്കരണ പരിവര്‍ത്തന പദ്ധതിയാണ് ഇതില്‍ പ്രധാനമായും.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ തുടങ്ങിയ ഉന്നതരടങ്ങിയ പട്ടികയില്‍ നിന്നാണ് 18 വോട്ടിന് മുന്നിട്ടുനിന്നുകൊണ്ട് അമീര്‍ മുഹമ്മദിനെ മാഗസിന്‍ തിരഞ്ഞെടുത്തത്. സൗദി രാഷ്ട്രീയ രംഗതത്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടു വന്ന അഴിമതി വിരുദ്ധ പരിഷ്കരണങ്ങൾക്കും വലിയ പ്രാധാന്യം നൽകി. സൗദിയുടെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളും ലോക ശ്രദ്ധയാകര്‍ഷിച്ചു.

നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിച്ചതും സ്ത്രീകളുടെ സാമൂഹ്യ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. സാമ്പത്തിക, മാധ്യമ, സാങ്കേതിക രംഗത്തെ പ്രമുഖരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 33 പേരടങ്ങിയ പട്ടികയിലെ ഏക അറബ് പൗരനായിരുന്നു അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍‌. 24 ശതമാനം വോട്ടാണ് അമീര്‍ മുഹമ്മദിന് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരനെക്കാള്‍ 18 വോട്ടാണ് കൂടുതല്‍ ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ