റിയാദ്: അബഹയിലെ പച്ച പൊതിഞ്ഞ തേന്‍ മല ഇറങ്ങിയാണ് അലി അബ്ദുള്ള അല്‍ സഹ്റാനി റിയാദിലെ തേന്‍ മേളക്കെത്തിയിരിക്കുന്നത്. കലര്‍പ്പില്ലാത്ത തേനും നിര്‍വ്യാജമായ അറബ് ആതിഥേയത്യത്തിന്റെ മേന്മയും വിളിച്ചു പറയുന്നതാണ് അലി സഹ്റാനിയുടെ സ്റ്റാള്‍. വരുന്നവര്‍ക്കെല്ലാം സൗജന്യമായി നാല് തുള്ളി തേനും തേനീച്ചകളെ കുറിച്ചും തേന്‍ ശേഖരിക്കുന്ന രീതിയെ കുറിച്ചും അറിയേണ്ടവര്‍ക്കെല്ലാം അതിന്റെ എല്ലാ വിവരണങ്ങളും വ്യക്തമാക്കി കൊടുക്കുന്നുണ്ട് ഈ ഗ്രാമവാസി. ഭാഷ പ്രശ്നം വരുമ്പോള്‍ കാശ്മീര്‍ സ്വദേശിയും അലിയുടെ സഹായിയുമായ ബാഗ്ദാദ് ഹുസൈന്‍ ഇടപെടും. കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്ന് ഉറപ്പ് വരുത്തിയാണ് അലി അതിഥികളെ മടക്കിയയക്കുന്നത്. ദക്ഷിണ സൗദിയുടെ തേന്‍ രുചിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വരെ ആവശ്യക്കാരുണ്ടെന്ന് അലി പറയുന്നു.

ബ്രിട്ടന്‍, കൊറിയ, തുര്‍ക്കി, ഉക്രൈന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തേനുമായി പ്രദര്‍ശനത്തിനും വില്‍പ്പനക്കും അലി പോയിട്ടുണ്ട്. തേനിന്റെ ഗുണമേന്മ ഉറപ്പ് വരുത്തി പല രാജ്യങ്ങളും അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. വാക്കാലുള്ള അംഗീകാരമല്ല രേഖയായി തന്നെയുണ്ടെന്ന് പറഞ്ഞു അലി സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച ഫലകങ്ങളും സാക്ഷ്യ പത്രങ്ങളും പ്രദര്‍ശിപ്പിച്ച ഭാഗത്തേക്ക് കൈ ചൂണ്ടുന്നുണ്ട്.

അലി അൽ സഹ്‌റാനി സ്റ്റാളിൽ തേൻ പരിചയപ്പെടുത്തുന്നു

കഴിഞ്ഞ 35 വര്‍ഷമായി തേന്‍ ശേഖരിക്കലും വില്‍പനയുമാണ് തൊഴില്‍. പിതാവ് അബ്ദുള്ള സഹ്റാനി കൈമാറിയതാണ് ഈ കുല തൊഴില്‍. കിലോക്ക് 300 റിയാല്‍ മുതല്‍ 1200 റിയാല്‍ വരെയുള്ള തേനുകളാണ് നിലവില്‍ സ്റ്റാളിലുള്ളത്. മായം ചേര്‍ത്ത തേനുകള്‍ മാര്‍കെറ്റില്‍ സുലഭമായതിനാല്‍ തേന്‍ ആവശ്യമുള്ളവരും വാങ്ങാന്‍ ഭയക്കുന്നുണ്ട്. എന്നാല്‍ തന്റെ സ്റ്റാളില്‍ നിന്ന് അസ്ലി അസല്‍ (ഒറിജിനല്‍ തേന്‍) മാത്രമേ ലഭിക്കയുള്ളൂ എന്ന് അലി സാക്ഷ്യപ്പെടുത്തുന്നു.

ജനാദ്രിയയില്‍ നടക്കുന്ന സൗദി അറേബ്യയുടെ ദേശീയ പൈതൃകോത്സവത്തില്‍ അലി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന സ്റ്റാളുകളുണ്ട്. കേരളം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ആ നാടുമായുള്ള ബന്ധം ഊഷ്മളമാണ്.രാജ്യത്തിന് പുറത്ത് പ്രദര്‍ശനത്തിന് പോകുമ്പോള്‍ കേരളത്തില്‍ നിന്ന് തേനുമായെത്തുന്ന സുഹൃത്തുക്കളോടാണ് കൂടുതലും സൗഹൃദം പുലര്‍ത്തുന്നത്.തേന്‍ പോലെ മധുരിക്കുന്ന ഓര്‍മ്മകളും ജീവിത വിജയവുമാണ് എനിക്ക് ഈ മേഖല തന്നിട്ടുള്ളതെന്ന് സഹ്റാനി കൂട്ടിച്ചേര്‍ത്തു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook